വരുന്നു കേരള ലാപ്ടോപ്; നിര്‍മാണം മണ്‍വിളയില്‍
ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന കേരളം സ്വന്തം ലാപ് ടോപ്പിറക്കി ഞെട്ടിക്കാനൊരുങ്ങുകയാണ്.
കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണിന്റെ മണ്ണില്‍ ഉയരാന്‍ പോകുന്നത് ഇന്ത്യ ഒന്നാകെ അസൂയയോടെ നോക്കുന്ന മികവുറ്റ സ്ഥാപനം. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ കമ്പനിയാണ് ഇതിന് വഴി ഒരുക്കുന്നത്.നിലവില്‍ ലാപ് ടോപ്പുകളും സെര്‍വര്‍ ക്ലാസ് മെഷിനുകളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഇന്ത്യയില്‍ ചെയ്യുന്നത്. സംരംഭം ആരംഭിക്കുന്നതിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് കണക്കാക്കിയിട്ടുളളത്. പുതിയ കമ്പനിയുടെ ചുമതല പൂർണമായും കെല്‍ട്രോണിന് നല്‍കികൊണ്ടാണ് വ്യവസായ വികസനത്തില്‍ പുതിയ നീക്കം നടത്തുന്നത്.
കേരള സര്‍ക്കാരും ഇന്റല്‍ കോര്‍പ്പറേഷനും യുഎസ്ടി ഗ്ലോബലും 2017 നവംബര്‍ ഒന്നിന് ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്പനിയിലേക്ക് നീങ്ങുന്നത്. ഇതുസരിച്ച് സെമി കണ്ടക്റ്റർ, മൈക്രോ പ്രൊസസര്‍ എന്നിവ നിര്‍മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഇന്റെല്‍ കോര്പറേഷന്, കേരളത്തിലെ പുതിയ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി മാര്‍ക്കറ്റ് ലാപ് ടോപ്പിനുണ്ടന്ന കണ്ടത്തിലിനെ തുടര്‍ന്നാണ് അതിവേഗത്തില്‍ നടപടികള്‍ സര്‍ക്കാര്‍ നീക്കുന്നത്.കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ഭൂമിയും കെട്ടിടവുമാണ് പുതിയ കമ്പനിക്കായി ഉപയോഗിക്കുക. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഒരുലക്ഷം ലാപ്ടോപ് ആവശ്യമുണ്ടെന്നാണ് കണക്ക്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ പൂർണമായും സ്മാര്‍ട്ട് ആകുമ്പോള്‍ ആവശ്യം ഇതിലും കൂടും.
ഇന്റല്‍ പ്രൊസസര്‍ ഉപയോഗിച്ച് ലാപ്ടോപ്പുകളും സെര്‍വറുകളും ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഐടി നയത്തിന്റെ ഭാഗമായുളള പ്രൈസ് പ്രിഫറന്‍സ് മൂന്നുവര്‍ഷത്തേക്ക് നിര്‍ദിഷ്ട കമ്പനിക്ക് നല്‍കും. കേരളത്തിന്റെ ഇലക്ട്രോണിക് വ്യവസായത്തിന് പുതുജീവന്‍ നല്കുന്ന പദ്ധതിയായി ഇതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പറേഷനായ കെല്‍ട്രോണ്‍ അന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വിദേശ കമ്പനികളെ ആശ്രയിച്ചുവന്നിരുന്ന രാജ്യത്ത് കെല്‍ട്രോണ്‍ ടിവി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത് കുത്തക കമ്പനികളെപ്പോലും ഞെട്ടിച്ചു. വിദേശ കുത്തക കമ്പനികള്‍ തങ്ങളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കി വന്നപ്പോള്‍ സാധാരണക്കാരനുകൂടി പ്രാപ്യമാകുന്ന രീതിയില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ളവ കെല്‍ട്രോണ്‍ നിര്‍മിച്ചുനല്‍കി. പിന്നീട് വലിയ മാറ്റങ്ങള്‍ക്കൊപ്പം നീങ്ങാന്‍ സാധിക്കാതെ കമ്പനി പിന്നോട്ടു പോവുകയായിരുന്നു. അതിനാണ് ഇനി മാറ്റം വരിക. പുതിയ കമ്പനിയില്‍ കെല്ട്രോണിനുപുറമെ കെഎസ്ഐഡിസിക്കും കേരളത്തില്‍ നിലവിലുള്ള അനുബന്ധ ഘടകനിര്മാതാക്കള്ക്കും കമ്പനിയില്‍ ഓഹരിയുണ്ടാകും.