News

കൊച്ചി കാണാന്‍ കേരള സിറ്റി ടൂറുമായി ഡിടിപിസി

കൊച്ചി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി പുത്തന്‍ സാധ്യതകളുമായി എറണാകുളം ഡിടിപിസി. സഞ്ചാര സാധ്യതകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രാവല്‍ സൊല്യൂഷന്‍ എന്ന സ്ഥാപനം എറണാകുളം ഡിടിപിസിയുടെ അംഗീകാരത്തോടെ സീറ്റ് ഇന്‍ കോച്ച് ബേസില്‍ കേരള സിറ്റി ടൂര്‍ ആരംഭിച്ചു.

കേരള സിറ്റി കോച്ചിന്റെ ആദ്യ യാത്ര ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിച്ചു. ബസിന്റെ ആദ്യ ട്രിപ്പ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം, കേരള ഫോക്‌ലോര്‍ മ്യൂസിയം, ഹില്‍ പാലസ് തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ചു.

ഉദ്ഘാടന യാത്രയില്‍ ജനസേവ അനാഥ മന്ദിരത്തിലെ അന്തേവാസികളായ കുട്ടികളാണ് പങ്കെടുത്തത്. ചടങ്ങില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി ആര്‍ റെനീഷ്, പി എസ് പ്രകാശന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു.

ദിവസവും രാവിലെ 8 മണിക്ക് അത്യാധുനിക സൗകര്യങ്ങളോടെ ഈ ബസ് സര്‍വീസ് കൊച്ചിയിലെ തനതു വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കും. യാത്രക്കാര്‍ക്ക് സ്വാദിഷ്ടമായ ഉച്ച ഭക്ഷണവും ഗൈഡ് സര്‍വീസും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ യാത്ര വിവരങ്ങള്‍ക്കായി: www.keralacitytour.com, 889399888