Kerala

വിഷു സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

കാവേരി വിഷയത്തില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കര്‍ണാടക ബന്ദ് മാറ്റിയതോടെ ബെംഗളൂരുവില്‍ നിന്നുള്ള വിഷു സ്‌പെഷല്‍ സര്‍വീസുകളിലെ അനിശ്ചിതത്വം നീങ്ങി. ഇരുപതോളം സ്‌പെഷല്‍ ബസുകളാണ് കേരള ആര്‍ടിസി പ്രഖ്യാപിച്ചരുന്നത്. നാളെ പകല്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അധിക സര്‍വീസുകള്‍ക്കുള്ള ബസുകള്‍ നാട്ടില്‍നിന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുമായിരുന്നു. കര്‍ണാടക ആര്‍ടിസിക്കും സ്‌പെഷല്‍ ഉള്‍പ്പെടെ നാളെ കേരളത്തിലേക്ക് എഴുപതോളം സര്‍വീസുകളുണ്ട്. ബന്ദ് മാറ്റിയതിനാല്‍ ഈ സര്‍വീസുകളും മുടങ്ങില്ല.

കഴിഞ്ഞയാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ നാളെ ബെംഗളൂരുവില്‍നിന്നു പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയിരുന്നു. ഒട്ടേറെപ്പേര്‍ നാളെകൂടി അവധി കണക്കാക്കി യാത്ര ഒരുദിവസം മുന്‍പേ നിശ്ചയിച്ചു. ഇതോടെ ഇന്നത്തെ സര്‍വീസുകളില്‍ തിരക്കേറുകയും ചെയ്തു. പതിവു സര്‍വീസുകളിലെ ടിക്കറ്റുകളിലേറെയും തീര്‍ന്നതിനാല്‍ കേരള ആര്‍ടിസി ഇന്നു കണ്ണൂരിലേക്കു ഒരുസ്‌പെഷലും അനുവദിച്ചിട്ടുണ്ട്.

ദീര്‍ഘദൂര സ്വകാര്യ ബസുകളും ഇന്നു താരതമ്യേന കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. എറണാകുളം (650-1400 രൂപ), കോട്ടയം (760-1400), തിരുവനന്തപുരം (850-1450), കോഴിക്കോട് (630-1000), കണ്ണൂര്‍ (665-1350 രൂപ) എന്നിങ്ങനെയാണ് ഇന്നത്തെ ടിക്കറ്റ് ചാര്‍ജ്.