എന്റെ സലിംഭായി !!!
(അന്തരിച്ച സലിം പുഷ്പനാഥിനെ സുഹൃത്ത് വിനു വി നായര് അനുസ്മരിക്കുന്നു)
നമ്മൾ പരിചയപ്പെട്ട അന്നുമുതൽ ഞാൻ ആവശ്യപ്പെട്ട ഒന്നായിരുന്നു താങ്കളുടെ അച്ഛൻ കോട്ടയം പുഷ്പനാഥ് എന്ന ആ പ്രശസ്ത മലയാളം ഡിക്ടറ്റീവ് നോവലിസ്റ്റിനെ പരിചയപ്പെടുത്തണം എന്ന് എന്നെ ചെറുപ്പത്തിൽ വായനയുടെ വിശാല ലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ആ മനുഷ്യനെ പരിചയപെടുത്താതെ നിങ്ങൾക്ക് എങ്ങിനെ വിടപറയാൻ ആകും? അതുപോലെ നമ്മൾ ഒരുമിച്ചു മുംബൈ താജ് ഹോട്ടലിലെ കാഴ്ചകളെ കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചർ, മുംബൈ നഗരത്തിലെ തെരുവുകളെക്കുറിച്ചുള്ള സമഗ്ര പഠനം ….ഇതെല്ലം ഉപേക്ഷിച്ച് .. എങ്ങിനെ സലിംഭായി നിങ്ങൾ …
സലിം പുഷ്പനാഥ് ..എനിക്ക് എന്നും നിങ്ങള് ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു.
ആദ്യമായി വേൾഡ് ട്രാവൽ മാര്ട്ടിന് എന്നെ ലണ്ടനിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ നമ്മൾ പങ്കുവച്ച നിമിഷങ്ങൾ. പ്രതിഫലം ഇച്ഛിക്കാതെ എനിക്ക് മാഗസിനുകളിലേക്കു നൽകിയിട്ടുള്ള കവർ ഫോട്ടോകൾ…
മറ്റുള്ളവരുടെ വളർച്ചയിൽ നിങ്ങള് എന്നും സന്തോഷവാനായിരുന്നു. നമ്മളെ കുറ്റം പറയുന്നത് അറിഞ്ഞാലും അത് നമുക്ക് കൂടുതൽ ഊർജ്ജം നൽകും ഭായി എന്നുപറഞ്ഞു എന്നെ ആശ്വസിപ്പിച്ചിരുന്ന സലിം , ഞാൻ ഗുരുതരാവസ്ഥയിൽ കിടക്കുന്ന ആദ്യ നാളുകളിൽ എന്റെ ചെറിയ കുടുംബത്തിന് താങ്ങായി ഓടിയെത്തിയതും പിന്നീട് എന്റെ രണ്ടാം ജന്മത്തിൽ ഞാൻ ആവശ്യപ്പെടാതെ തന്നെ എന്റെ മാഗസിനിലേക്ക് അങ്ങുതന്ന ചിത്രങ്ങൾ …എന്നും യാത്രകളെ പ്രണയിച്ചിരുന്ന സലിം … നിങ്ങള് ഇപ്പോൾ മറ്റൊരു വിദേശ യാത്രയിലാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം നിങ്ങള് ഒരുപാട് സ്വപ്നം കണ്ടിരുന്ന ഒത്തിരി കാര്യങ്ങൾ ഇവിടെ ബാക്കിയുണ്ട്.
എനിക്ക് മനസില്ല സലിം…നിങ്ങളെ നഷ്ടപ്പെടാന്..