ലിഗ രാമേശ്വരത്തുമില്ല; ആഴക്കടലില്‍ തെരച്ചിലിന് നാവികസേന
കോവളത്തുനിന്ന് കഴിഞ്ഞമാസം കാണാതായ അയർലൻഡുകാരി ലിഗ(33)യ്ക്കായി വീണ്ടും നാവികസേന തെരച്ചില്‍ തുടങ്ങും.കോവളത്തും സമീപ പ്രദേശങ്ങളിലും തീരക്കടല്‍ നേരത്തെ നാവികസേന പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ആഴക്കടലില്‍ പരിശോധന നടത്താനാണ് വീണ്ടും നാവികസേനയുടെ സഹായം തേടുന്നത്.
ലിഗയോട് രൂപസാദൃശ്യമുള്ള വിദേശ വനിതയെ ഓച്ചിറയിൽ കണ്ടതായി നാട്ടുകാരിൽ ചിലർ അറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.
രാമേശ്വരത്തുനിന്ന് കോവളത്ത് കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിനെത്തിയ ബെൽജിയം സ്വദേശികളായ ദമ്പതികൾ വ്യാഴാഴ്ച വൈകിട്ടോടെ ലിഗയെ രാമേശ്വരത്ത് കണ്ടതായി കോവളം പൊലീസിനെ അറിയിച്ചിരുന്നു.ഇതേത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം തമിഴനാട്ടിലേക്ക് പോയിരുന്നു. എന്നാൽ അവിടെ കണ്ടെതാനായില്ലന്നു വിഴിഞ്ഞം സിഐ ഷിബു പറഞ്ഞു.
രാമശ്വേരത്ത് നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ പാലം കടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ വേഗതകുറച്ചപ്പോൾ ട്രാക്കിലൂടെ ഒറ്റയ്‌ക്ക് നടന്നുപോകുന്നതായി കണ്ട വിദേശവനിതയ്‌ക്ക് ലിഗയുടെ രൂപസാദൃശ്യമുള്ളതായാണ് ബെൽജിയം സ്വദേശികൾ പറഞ്ഞത്. കോവളത്ത് പതിച്ചിരുന്ന ഫോട്ടോയിൽ നിന്നാണ് ഇവർ ലിഗയെ തിരിച്ചറിഞ്ഞത്. ലിഗയെ കണ്ടെത്താനായി നാവികസേനയുടെ നേതൃത്വത്തിൽ നാല് ദിവസം കടലിൽ തെരച്ചിൽ നടത്തിയിരുന്നു.വിഷാദരോഗിയായ ലിഗ ഓട്ടോയിൽ കോവളത്തെത്തി എന്നതാണ് ഈ കേസിനെ സംബന്ധിച്ച് അറിയാവുന്ന ആകെ വിവരം. വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കുവേണ്ടി സഹോദരി ഇല്‍സക്കൊപ്പം ഫെബ്രുവരി 21നാണ് ലിഗ കേരളത്തിലെത്തിയത്. മാർച്ച് 14ന് പോത്തൻകോട് നിന്ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതാകുകയായിരുന്നു.