News

കുതിരാന്‍ കുടുങ്ങിയിട്ട് അമ്പതു നാള്‍; തുരങ്കത്തില്‍ ക്രിക്കറ്റ് കളി

ദേശീയപാത കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് അമ്പതു ദിവസമാകുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം ഫെബ്രുവരി 24-നാണ് തുരങ്കനിര്‍മാണം നിര്‍ത്തിയത്. മൂന്നരക്കോടി രൂപയുടെ ശമ്പളക്കുടിശ്ശികയെത്തുടര്‍ന്ന് തൊഴിലാളികളാണ് പണിമുടക്ക് തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയായ ഒന്നാമത്തെ തുരങ്കത്തിലൂടെ ട്രയല്‍ റണ്‍പോലും നടത്താന്‍ നിര്‍മാണക്കമ്പനിക്ക് സാധിച്ചില്ല. ഇവിടെ ഇപ്പോള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്ക് ഉപയോഗിക്കുകയാണ്.

ദേശീയപാത കരാര്‍ കമ്പനിക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുന്നത് നിര്‍ത്തിയതുമുതലാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇക്കൊല്ലം മഴക്കാലത്തും കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്രയായിരിക്കും. അഗ്നിരക്ഷാവിഭാഗം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിര്‍മാണങ്ങളാണ് പ്രധാനമായും ഒന്നാമത്തെ തുരങ്കത്തില്‍ ഇനി ചെയ്യാനുള്ളത്. നനടപ്പാതയിലെ കൈവരി പൂര്‍ത്തീകരിക്കുക, പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികളും തുരങ്കനിര്‍മാണക്കമ്പനി ചെയ്യണം. ഇതിനുശേഷം തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് റോഡിലേക്കായി അടര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ചുനീക്കണം. ഇത് കെ.എം.സി.യാണ് ചെയ്യേണ്ടത്. ഇത്രയും പണി പൂര്‍ത്തിയായെങ്കില്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയൂ. രാപകല്‍ നിര്‍മാണം നടത്തിയാല്‍പോലും ഇത് പൂര്‍ത്തീകരിക്കാന്‍ നാല്പത്തഞ്ച് ദിവസത്തിലേറെ സമയം വേണ്ടിവരും.

രണ്ടാമത്തെ തുരങ്കത്തിന്റെ എഴുപതുശതമാനംപോലും പൂര്‍ത്തീകരിച്ചിട്ടില്ല. ആറുമാസത്തിലധികം സമയം ഇത് പൂര്‍ത്തീകരിക്കാനായി വേണ്ടിവരും. ഏപ്രില്‍ ആദ്യവാരം തുരങ്കനിര്‍മാണം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ആയിട്ടില്ല. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കമ്മിഷന്‍ ചെയ്യാനുള്ള അവസാനതിയതി മാര്‍ച്ച് 31-നായിരുന്നു. സാമ്പത്തിക കാരണങ്ങള്‍കൊണ്ട് പണി നിലച്ചപ്പോള്‍ മുമ്പ് നാലുതവണ സമയം നീട്ടിനല്‍കിയിരുന്നു. നാലാംതവണയും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കമ്പനി ആറുമാസം അധികം ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനംവരെയാണ് സമയം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഈ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.