Kerala

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്

കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വര്‍ധിക്കുന്നുമുണ്ട്.

പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ് ഇത്തരത്തില്‍ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ക്കു ട്രെയിനില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാന്‍ തയാറുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടില്‍ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം.

കേരളത്തില്‍ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരില്‍ 90 ശതമാനവും വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ പോയി മടങ്ങുന്നവരാണ്. ഇവര്‍ നാട്ടിലേക്കു പോയാല്‍ ഗള്‍ഫ് മലയാളിയുടെ മാതിരി ഒന്നോ രണ്ടോ മാസം കഴിഞ്ഞു മാത്രം മടങ്ങിവരുന്നവരുമാണ്. തീവണ്ടി യാത്രയുടെ ദുരിതവും സമയവും മറ്റും കണക്കിലെടുത്ത് കൂടുതല്‍ പേര്‍ വിമാനയാത്രയ്ക്കു തയാറാകുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എറണാകുളം ജില്ലയില്‍ വടക്കുകിഴക്കന്‍ തൊഴിലാളികളുടെ പ്രധാന തൊഴില്‍കേന്ദ്രമായ പെരുമ്പാവൂരില്‍ മാത്രം ഇവര്‍ ഏതാണ്ട് ഒന്നര ലക്ഷം പേരുണ്ടത്രെ. 3500 മുതല്‍ 5000 രൂപ വരെ നിരക്കില്‍ നാട്ടിലേക്കു വിമാനടിക്കറ്റു ലഭിച്ചാല്‍ വാങ്ങാന്‍ തയാറുള്ളവരാണിവരില്‍ പലരും. ഇതിനുപുറമെ കേരളത്തില്‍ നിന്ന് ആ മേഖലയില്‍ വിവരസാങ്കേതികവിദ്യാ രംഗത്തു ജോലി ചെയ്യുന്നവരെ കൂടി കൂട്ടിയാല്‍ രണ്ടു പ്രതിദിന വിമാനങ്ങളിലും നിറച്ചു യാത്രക്കാരെ കിട്ടുമെന്നാണു വിമാനക്കമ്പനികളുടെ പ്രതീക്ഷ.

നിലവില്‍ ധാരാളം മലയാളികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികളും കൊച്ചിയില്‍ നിന്നു വിമാനമാര്‍ഗം കൊല്‍ക്കത്തയിലേക്കു പോകുന്നുണ്ട്. നേരിട്ടു വിമാനമില്ലാത്തതിനാല്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ വഴിയൊക്കെയാണിവരുടെ യാത്ര. നേരിട്ടു വിമാനമില്ലാത്തതിനാല്‍ പലപ്പോഴും യാത്ര അടുത്ത വിമാനത്തിനായുള്ള കാത്തിരിപ്പുള്‍പ്പെടെ ഒരു ദിവസം വരെ നീണ്ടേക്കാം. നേരിട്ടുള്ള വിമാനങ്ങള്‍ വരുന്നതോടെ ഈ പ്രതിബന്ധവും ഒഴിവാകുമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാരെ ലഭിച്ചേക്കും.