ഹൈപവര്‍ എന്ജിന് കരുത്തില്‍ ശക്തികാട്ടി റെയില്‍വേ
ഇന്ത്യയുടെ ആദ്യത്തെ ഹൈപവര്‍ ഇലക്ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ബീഹാറിലെ മോതിഹാരിയില്‍ നടന്ന ചടങ്ങിലാണ് എന്ജിന് പ്രധാമന്ത്രി പച്ചക്കൊടി വീശിയത്. 12,000 എച്ച്പിയാണു ശേഷി. നിലവിലുള്ള എന്‍ജിനുകളേക്കാള്‍ രണ്ടിരട്ടി ശേഷിയുണ്ട്.
6000 ടണ്‍ ഭാരവുമായി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പായാനുള്ള ശേഷിയും എന്‍ജിനുണ്ട്. ഇത്തരത്തിലുള്ള എന്‍ജിനുകള്‍ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. റഷ്യ, ചൈന, ജര്‍മനി, സ്വീഡന് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നത്. ചരക്കുനീക്കം അതിവേഗത്തിലാക്കാന്‍ ഈ എന്ജിന് വഴി സാധിക്കുമെന്നതാണു നേട്ടം.
മധേപുരിയില്‍ 1300 കോടി രൂപയ്ക്ക് നിര്‍മിച്ച എന്ജിന് ഫാക്ടറിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജ്യാന്തര തലത്തില്‍ െറയില്‍ ഗതാഗത മേഖലയിലെ മുന്‍നിരക്കാരായ ഫ്രാന്‍സിന്റെ ‘ആള്‍സ്റ്റം’ കമ്പനിയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സഹകരിക്കുന്നത്. കമ്പനിയുടെ സാങ്കേതിത സഹകരണത്തോടെ അടുത്ത 11 വര്‍ഷത്തിനകം 800 എന്‍ജിനുകള്‍ നിര്‍മിക്കാനാണു തീരുമാനം. ഇതില്‍ അഞ്ചെണ്ണം ഫാക്ടറിയിലെത്തിച്ചു സംയോജിപ്പിക്കും, 795 എണ്ണം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കും.
20,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ വര്‍ഷത്തില്‍ 110 എണ്ണം എന്ന കണക്കിന് എന്‍ജിനുകള്‍ നിര്‍മിക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.ഇന്ത്യയയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിട്ട് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളാണെന്ന് ആള്‍സ്റ്റം കമ്പനി വ്യക്തമാക്കി. സഗൗലി-വാല്മീകി നഗര്‍, മുസാഫര്‍പുര്‍-സഗൗലി റൂട്ടില്‍ റെയില്‍ പാതയിരട്ടിപ്പു പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 2401 കോടി രൂപയാണു ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്.
മഹാത്മാഗാന്ധിയുടെ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാചരണ ചടങ്ങുകളുടെ ഭാഗമായാണു മോദി ബിഹാറിലെത്തിയത്. ബിഹാറിലെ കത്തിഹാറില്‍ നിന്ന് ഓള്‍ഡ് ഡല്‍ഹിയിലേക്ക് ആരംഭിച്ച ട്രെയിന്‍ സര്‍വീസും മോദി ഉദ്ഘാടനം ചെയ്തു. ‘ചമ്പാരന്‍ ഹംസഫര്‍’ എക്സ്പ്രസ് എന്നാണു പുതിയ ട്രെയിന്റെ പേര്. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്.