തെറ്റ് ഏറ്റ് പറഞ്ഞു സക്കര്‍ബര്‍ഗ്;സെനറ്റ് സമിതിക്ക് മുന്‍പില്‍ ഇന്ന് മാപ്പ് പറയും
എട്ടരക്കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇന്നും നാളെയുമായി യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ സമിതിക്കു മുന്‍പാകെ സക്കര്‍ബര്‍ഗ് മാപ്പു പറയുമെന്നാണു വിവരം. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് വഴി വിദേശ ശക്തികള്‍ ഇടപെട്ടുവെന്ന ആരോപണത്തിലും ഫെയ്‌സ്ബുക് മേധാവി ഇന്നു മറുപടി നല്‍കും.
തെറ്റായ വാര്‍ത്തകള്‍, സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്‌സ്ബുക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണു സെനറ്റ് സക്കര്‍ബര്‍ഗിനെ വിളിപ്പിച്ചത്.
ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്‍പാകെ ഹാജരാകുന്നത്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌ന് ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നതാണു പ്രധാന വിമര്‍ശനം.
‘ഇത് എന്റെ തെറ്റാണ്. ഞാനാണ് ഫെയ്‌സ്ബുക് ആരംഭിച്ചത്, അതിന്റെ നടത്തിപ്പുകാരനും ഞാന്‍ തന്നെ. കമ്പനിയില്‍ എന്താണോ സംഭവിക്കുന്നത് അതിന്റെ ഉത്തരവാദിയും ഞാന്‍ തന്നെ…മാപ്പ്’- സെനറ്റിനു കൈമാറിയ രേഖയില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സെനറ്റ് ജുഡിഷ്യറി കമ്മിറ്റിയുടെയും കൊമേഴ്‌സ് കമ്മിറ്റികളുടെയും മുന്‍പാകെയാണ് സക്കര്‍ബര്‍ഗ് ഇന്നു ഹാജരാകുക. ബുധനാഴ്ച ഹൗസ് പാനലിനു മുന്‍പാകെയും. സെനറ്റ് സമിതി അംഗങ്ങളുമായി കഴിഞ്ഞ ദിവസം വ്യക്തിപരമായും സക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തി.