India

മുംബൈയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബി എം സി പദ്ധതി

ദക്ഷിണ മുംബൈയിലെ പൈതൃക കെട്ടിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി ബിഎംസി. ആകര്‍ഷകമായ പൈതൃക കെട്ടിടങ്ങള്‍ തിരഞ്ഞെടുത്ത് മോടി പിടിപ്പിച്ച്, പ്രത്യേക മേഖലയായി തിരിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യം. ബിഎംസി ആസ്ഥാന മന്ദിരം, ഓവല്‍ മൈതാനം, സെന്റ്‌ സേവ്യേഴ്‌സ് കോളജ്, ക്രോസ് മൈതാനം, ആര്‍ട് ഗാലറി, ഹോര്‍ണിമന്‍ സര്‍ക്കിള്‍, ഫ്‌ലോറ ഫൗണ്ടന്‍, കൊളാബയിലെ വില്ലിങ്ടന്‍ ഫൗണ്ടന്‍, ചത്രപതി ശിവാജി വാസ്തു സന്‍ഗ്രാലയ (പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം) എന്നിവയാണ് പൈതൃക വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന മന്ദിരങ്ങള്‍.

ദാദര്‍, പരേല്‍ എന്നിങ്ങനെ തുണിമില്ലുകളും പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളും മറ്റുമായി നിന്നിരുന്ന സ്ഥലങ്ങളെല്ലാം ആധുനികവല്‍കരണത്തിന്റെ പാതയിലാണ്. ചില്ലുപൊതിഞ്ഞ അംബരചുംബികളായ കെട്ടിടങ്ങളാണ് ഇവിടെ ഇപ്പോള്‍ തലയുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പഴമയോടെ അവശേഷിക്കുന്ന നഗരക്കാഴ്ചകളിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കാനാണു ശ്രമമെന്ന് ബിഎംസി പൈതൃകവിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കെട്ടിടങ്ങള്‍ക്കും അതിലേക്കുള്ള പാതകള്‍ക്കും സമാന നിറങ്ങള്‍ നല്‍കിയും സമാനതകള്‍ തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ ഒരുക്കിയും കൂടുതല്‍ ആകര്‍ഷകമാക്കും. ഈ കെട്ടിടങ്ങള്‍ക്കിടയിലുള്ള ബസ് സ്റ്റോപ്പുകള്‍ക്കും ഇരിപ്പിടങ്ങള്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ക്കുമെല്ലാം ഓരോ നിറവും മറ്റും നല്‍കും.

മേഖലയിലെ കെട്ടിടങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമെല്ലാം ഒരേ പാറ്റേണിലുള്ള നിറങ്ങള്‍ നല്‍കുന്ന കാര്യം അവയുടെ ഉടമകളുമായി ചര്‍ച്ച ചെയ്യാനും ബിഎംസി പൈതൃക വിഭാഗം പരിഗണിക്കുന്നുണ്ട്. ഫോര്‍ട്ട് മേഖല ഇത്തരത്തില്‍ പ്രത്യേക പാറ്റേണില്‍ പൈതൃക കാഴ്ചകളുടെ കേന്ദ്രമാക്കി മാറ്റിയ ശേഷം നഗരത്തിലെ മറ്റു മേഖലകളും അവയുടെ പൊതുസ്വഭാവം അനുസരിച്ച് ഓരോ തീമിലേക്കു മാറ്റാനും ബിഎംസിക്കു പദ്ധതിയുണ്ട്.