ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ മുരളി തുമ്മാരുകുടി

(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം.)

കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്…

അബുദാബി സന്ദർശനത്തിന്റെ ഹൈലൈറ്റ് ലുലുമാളിൽ നിന്നും കിട്ടിയ ചക്കപ്പഴം ആയിരുന്നു. പക്ഷെ മിസ് ചെയ്യുന്നത് ആഞ്ഞിലി ചക്കയാണ്.

തുമ്മാരുകുടിയിൽ വീടിന് ചുറ്റും ആഞ്ഞിലി മരങ്ങൾ ഉണ്ടായിരുന്നു. അവധിക്കാലം ആയാൽ അതിൽ നിറയെ പഴങ്ങൾ. അല്പം കുട വയർ ഒക്കെ അന്നേ ഉണ്ട്, എന്നാലും ചേട്ടന്മാരോടും (ചേച്ചിമാരോടും), ബന്ധുക്കളോടും ഒക്കെ ഒപ്പം ഞാനും അതിൽ വലിഞ്ഞു കയറും, മരത്തിലിരുന്നു തന്നെ പഴം ശാപ്പിടും. ഇത് ഒരു മനോഹരമായ ഓർമ്മയാണ്.

കാലം കഴിഞ്ഞു, ഞാൻ വലുതായി, തുമ്മാരുകുടി വിട്ടു. മരങ്ങളും വലുതായി പക്ഷെ മരങ്ങൾ അവിടെ തന്നെ ഉണ്ട്. പക്ഷെ മരത്തിൽ കയറാനുള്ള എൻ്റെ കഴിവും ധൈര്യവും ഒക്കെ പോയി. പഴയതു പോലെ കുട്ടികളെ മരത്തിൽ കയറാൻ പോയിട്ട് പറമ്പിൽ പോകാൻ വരെ സമ്മതിക്കാത്ത കാലമായി.

വാഷിംഗ്ടൺ ആപ്പിൾ തൊട്ട് ന്യൂസിലൻഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യൻ രംബുത്താൻ മുതൽ തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ട് വരെ വെങ്ങോലയിൽ പോലും കിട്ടിത്തുടങ്ങി, എന്നിട്ടും കേരളത്തിൽ വളരെ അപൂർവ്വമായി അല്ലാതെ ഒരിടത്തും ആഞ്ഞിലി ചക്കയുടെ പഴം വാങ്ങാൻ കിട്ടില്ല.

നാട്ടിൽ വളരാത്ത മുന്തിരിയും നാട്ടിൽ ഇല്ലാതിരുന്ന അവക്കാഡോയും ഒക്കെ നാട്ടിൽ എത്തിച്ചിട്ടും എന്തുകൊണ്ടാണ് നമ്മുടെ കൃഷി ശാസ്ത്ര സ്ഥാപനങ്ങൾ ഒരു കുഞ്ഞൻ ആഞ്ഞിലി ഗവേഷണം ചെയ്തു നിർമ്മിക്കാത്തത് ?. അതുണ്ടെങ്കിൽ കൃഷിവകുപ്പ് അതെന്തുകൊണ്ടാണ് കൂടുതൽ പ്രചരിപ്പിക്കാത്തത് ?

ഒരു കാര്യം ഞാൻ ഇപ്പഴേ പറയാം. കേരളത്തിലെ ഭക്ഷ്യ സുരക്ഷ പോയിട്ട് സാമ്പത്തിക സുരക്ഷയിൽ പോലും നമ്മുടെ കൃഷിക്കും കൃഷിവകുപ്പിനും ഇപ്പോൾ വലിയ പങ്കില്ല. പാരമ്പര്യമായി കിട്ടിയ പറമ്പുള്ള കാലത്തോളം തട്ടിയും മുട്ടിയും കൃഷി ഒക്കെ ഇങ്ങനെ നടന്നു പോകും. പക്ഷെ കൃഷി വകുപ്പ് ഇങ്ങനെ നടന്നിട്ട് കാര്യം ഒന്നുമില്ല.

ഒന്നല്ലെങ്കിൽ ലാഭം    ഉണ്ടാക്കുന്ന കൃഷി രീതികളും വിളകളും പൂവുകളും ഒക്കെ നാട്ടിൽ എത്തിക്കുക, അല്ലെങ്കിൽ നൊസ്റ്റാൾജിയ, അലങ്കാരം, ലാൻഡ്സ്കേപ്പിങ്ങ് ഒക്കെയാണ് നമ്മുടെ കൃഷിയുടെ അടിസ്ഥാനം എന്ന തരത്തിലേക്ക് മാറുക. ഇല്ലെങ്കിൽ ഈ പ്രസ്ഥാനങ്ങൾ അപ്രസക്തം ആകും.

കൂടുതൽ പിന്നെ എഴുതാം, തൽക്കാലം ആഞ്ഞിലി ചക്ക കിട്ടാത്തതിന്റെ വിഷമം മാത്രം. ജനീവയിലേക്കുള്ള വിമാനം പോകാറായി. നാളെ കാണാം.