Kerala

കെ. എസ്. ആര്‍. ടി. സി സിംഗിള്‍ ഡ്യൂട്ടി: സംഘടനകളുമായി ചര്‍ച്ച ഇന്ന്

കെ. എസ്. ആര്‍. ടി. സിയിലെ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഇന്ന് യൂണിനുകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച്ച തീരുമാനിച്ച ചര്‍ച്ച തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ എം ഡി സംഘടനകളോട് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്.

ഓര്‍ഡിനറി ബസുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭൂരിഭാഗം തെഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സമവായത്തിന് വേണ്ടി ഡ്യൂട്ടി പരിക്ഷ്‌ക്കരണം മാറ്റി വെച്ചു. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമേ ഡ്യൂട്ടി പരിക്ഷ്‌കരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കു.

സിംഗിള്‍ഡ്യൂട്ടി സംവിധാനം സ്ഥാപനത്തിനു നേട്ടമാണെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കുക എന്നത് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് മറ്റു ജോലികള്‍ ഉള്ളതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ കിട്ടുന്ന ഇടവേളകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സിംഗിള്‍ഡ്യൂട്ടിയിലേക്ക് മാറുമ്പോള്‍ ആഴ്ചയില്‍ ആറുദിവസവും ജോലിക്ക് എത്തേണ്ടി വരും