ഹമദ് വിമാനത്താവളത്തില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിടിവീഴും
പത്തു മിനിട്ടില്‍ കൂടുതല്‍ ഹമദ് വിമാനത്താവളത്തിന്റെ മുമ്പില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും.
അശ്രദ്ധമായി വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തുനീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുള്ള പുതിയ നടപടിക്ക് ഞായറാഴ്ച തുടക്കമായി. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ നിരവധി യാത്രക്കാര്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാലാണ് പുതിയ നടപടി. പരമാവധി പത്ത് മിനിട്ടില്‍ കൂടുതല്‍ വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വിമാനത്താവളത്തിലെ സുരക്ഷ നിലനിര്‍ത്തണമെന്നും അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനായി വലിയ സൗകര്യമാണുള്ളത്. ടെര്‍മിനലുകളുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യാതെ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.