Kerala

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അൽഫോൺസ് കണ്ണന്താനം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 ശതമാനം വിനോദ സഞ്ചാര മേഖയിലാണ്.

അടുത്ത 3 വർഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാത്രി കാല ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസത്തിലും ഐടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ടൂറിസം സാധ്യതയെപ്പറ്റി പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.