കുറഞ്ഞ ചിലവില്‍ കുമരകം കാണാന്‍ ‘അവധിക്കൊയ്ത്ത്’
ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തിന്റെ സൗന്ദര്യം കുറഞ്ഞചെലവില്‍ നുകരാനും അവസരം. സാധാരണക്കാര്‍ക്കും കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനായാണ് ‘അവധിക്കൊയ്ത്ത്’ എന്ന പേരില്‍ കാര്‍ഷിക വിനോദ വിജ്ഞാനമേളയ്ക്ക് തുടക്കമിടുന്നത്. കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ നൂറേക്കര്‍ സ്ഥലത്താണ് പദ്ധതി.
പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തിന്റെയും മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ജനകീയകൂട്ടായ്മയും കുമരകം പഞ്ചായത്തിന്റെ സഹകരണത്തോടെയാണിത്. 20 രൂപയ്ക്ക് കുമരകത്തിന്റെ നേര്‍ക്കാഴ്ച ഗ്രാമീണഭംഗിയില്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 20 മുതല്‍ മേയ് 27 വരെ നടക്കുന്ന മേളയുടെ പ്രവേശന ഫീസ് 20 രൂപയാണ്.
രണ്ടായിരത്തോളം തൊഴില്‍ദിനങ്ങള്‍ ചെലവഴിച്ച് തൊഴിലുറപ്പ് അംഗങ്ങള്‍ പദ്ധതിക്കായി പ്രദേശത്തെ ചാലുകളും തോടുകളും സൗന്ദര്യവത്കരിച്ചു കഴിഞ്ഞു. ഈ ചാലുകളില്‍ നാടന്‍ ഇനങ്ങളായ കാരി, മുഷി, മഞ്ഞക്കൂരി, വരാല്‍, കരിമീന്‍, വളര്‍ത്തുമത്സ്യങ്ങളായ കട്ല, രോഹു തുടങ്ങിയ ഇനങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. നെല്ല്, മീന്‍, താറാവു കൃഷിയുടെ മാതൃകകള്‍, അക്വാപോണിക്, കൂണ്‍കൃഷി, മുട്ടക്കോഴി, കരിങ്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയുടെ മാതൃകാ യൂണിറ്റുകള്‍, ആടുകളുടെയും പോത്തുകളുടെയും യൂണിറ്റ് എന്നിവയും കാണാന്‍ സൗകര്യമുണ്ടാകും.
കുട്ടികള്‍ക്കായി ഊഞ്ഞാല്‍, സൈക്ലിങ്ങ്, പെഡല്‍ ബോട്ടിങ്ങ്, റോപ്പ് ക്ലൈമ്പിങ്ങ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഭക്ഷണശാലയില്‍നിന്നു നാടന്‍ ഭക്ഷണവും മിതമായ നിരക്കില്‍ ലഭിക്കും. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ മുളം െബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറ് വരെയാകും പ്രവേശനം. ഞായറാഴ്ച കേന്ദ്രം തുറന്നുകൊടുക്കുന്നതിനെക്കുറിച്ചു തീരുമാനമായിട്ടില്ല. മേള പത്തിന് ഉച്ചകഴിഞ്ഞു രണ്ടിനു കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.