രാജകീയ വാഹനത്തിന്റെ ഉടമകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
പരസ്യ വെല്ലുവിളിയുമായി പലരും എത്തിയെങ്കിലും റോയലായി തന്നെ വാഴുകയാണ് ആനകള്‍.കാലം കഴിയുന്തോറും ആവശ്യക്കാര്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. ദിനംപ്രതി ബുള്ളറ്റ് നിരത്തില്‍ വര്‍ധിച്ചിരിക്കുന്നു. നിരവധി പേരാണ് രാജകീയ വാഹനത്തിന്റെ ഉടമകളായി അനുദിനം മാറുന്നത്. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നു കരുതിയെങ്കില്‍ തെറ്റി. സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പുതിയ ബുള്ളറ്റിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
ഒരു ദിവസം ആദ്യമായി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിക് സ്റ്റാര്‍ട്ട് മാത്രം ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ട് ചെയ്ത് 30 സെക്കന്‍ഡ് കാത്തുനിന്ന ശേഷം മാത്രം യാത്ര തുടങ്ങുക.
ആദ്യത്തെ 500 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വേണം ഓടിക്കാന്‍ . എന്ജിന് തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും വേണ്ടിയാണിത്. അമിത വേഗമെടുത്താല്‍ എന്ജിന് അമിതമായി ചൂടാകും. പാര്‍ട്സുകള്‍ക്ക് ക്രമരഹിതമായ തേയ്മാനം ഉണ്ടാകുയും ചെയ്യും.
ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ എന്‍ജിനു വിശ്രമം നല്‍കുക. 500 കിലോമീറ്റര്‍ വരെ ആക്സിലറേറ്റര്‍ പകുതി വരെയേ കൊടുക്കാവൂ. 500-2000 കിലോമീറ്റര്‍ വരെ 80 കിമീ/ മണിക്കൂറില്‍ താഴെ വേഗമാണ് കമ്പനി നിര്‍ദ്ദേശിക്കുന്നത്.
ബുള്ളറ്റ് ഒരു സ്പോര്‍ട്സ് ബൈക്കല്ല എന്ന് ഓര്‍മിക്കുക. ആദ്യത്തെ 2,000 കിലോമീറ്ററിനു ശേഷം പോലും ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്ത് തുടര്‍ച്ചയായി ബുള്ളറ്റ് ഓടിക്കരുതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഓടിച്ചാല്‍ എന്‍ജിന്റെ ആയുസ് കുത്തനെ കുറയും.
ബുള്ളറ്റിന്റേത് എയര്‍ കൂള്‍ഡ് എന്‍ജിനാണ്. ഓടുമ്പോള്‍ എന്‍ജിന്റെ ബാഹ്യഭാഗത്ത് പതിക്കുന്ന കാറ്റാണ് എഞ്ചിനെ തണുപ്പിയ്ക്കുന്നത്. അതുകൊണ്ടു സ്റ്റാര്‍ട്ട് ചെയ്ത് ക്ലച്ച് പിടിച്ചോ ന്യൂട്രലിലിട്ടോ വെറുതെ ആക്സിലറേറ്റര്‍ കൊടുത്ത് ഇരപ്പിക്കരുത്. എന്ജിലെ പാര്‍ട്സുകള്‍ക്ക് അമിതമായ തേയ്മാനം അതുണ്ടാക്കും.
സാധാരണ ബൈക്കുകളുടേതു പോലല്ല ബുള്ളറ്റിന്റെ ബ്രേക്കുകള്‍. പെട്ടെന്നു വേഗമെടുക്കാത്തതുപോലെ ബ്രേക്കിട്ടാല്‍ പെട്ടെന്നു ബുള്ളറ്റ് നില്‍ക്കില്ല. അതു മനസിലാക്കി തുടക്കക്കാര്‍ ബുള്ളറ്റ് കൈകാര്യം ചെയ്യുക.
ബുള്ളറ്റ് പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഭാരം കൂടുതലുള്ളതിനാല്‍ നല്ല ഉറപ്പുള്ള പ്രതലത്തില്‍ വേണം പാര്‍ക്ക് ചെയ്യാന്‍.
എക്സോസ്റ്റിലും മറ്റുമുള്ള മോഡിഫിക്കേഷന് പുതിയ ബുള്ളറ്റിന്റെ എന്ജിന് വാറന്റി ഇല്ലാതാക്കുമെന്നറിയുക. ഒരു വര്‍ഷം അല്ലെങ്കില്‍ 10,000 കിലോമീറ്ററാണ് കമ്പനി നല്കുന്ന വാറന്റി. റോയല്‍ എന്ഫീല്ഡ്ഡീലര്ഷിപ്പുകളിലൂടെ വില്‍ക്കുന്ന കസ്റ്റമൈസേഷന് പാര്‍ട്സ് ഉപയോഗിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. കൃത്യമായ ഇടവേളകളില്‍ ബുള്ളറ്റ് സര്‍വീസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ബുള്ളറ്റിന്റെ ബോഡിക്ക് എളുപ്പം തുരുമ്പ് പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുടങ്ങാതെ കഴുകി തുടച്ച് വണ്ടി സൂക്ഷിക്കുക. കവര്‍ ഉപയോഗിച്ച് വണ്ടി മൂടി വയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.