വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും റോഡപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.
അറബ് സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്ററും ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷവും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് വിദ്യാര്‍ത്ഥികളുടെ റോഡ് ഗതാഗത സുരക്ഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്.
സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവേളയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്ന വാഹന ഡ്രൈവര്‍മാരെ ബസിന്റെ ഇടതു ഭാഗത്തെ ക്യാമറ പിടികൂടും. സ്‌കൂള്‍ ബസിന്റെ വാതില്‍ തുറക്കുന്നതോടെ ഡ്രൈവര്‍ സീറ്റിനു പിറകിലെ ഇടതു പാര്‍ശ്വഭാഗത്തെ സ്റ്റോപ്പ് ബോര്‍ഡ് നിവരുന്നതോടെ ഈ ബോര്‍ഡിനോടു ചേര്‍ന്നുള്ള ക്യാമറയും നിയമലംഘകനെ പിടികൂടാന്‍ ഫോക്കസ് ചെയ്യും.
ഓവര്‍ടേക്കു ചെയ്യുന്ന വാഹനത്തിന്റെ ചിത്രം ഈ ക്യാമറയില്‍ നിന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഓഫീസില്‍ ഉടനെ എത്തും. ബസ് നിര്‍ത്തി കുട്ടികളെ കയറ്റി ഇറക്കുന്ന വേളയില്‍ ഓവര്‍ടേക്കു ചെയ്യാന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുകയും ഡ്രൈവരുടെ ലൈസന്‍സില്‍ ആറ് ബ്ളാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖെയ്ലി അറിയിച്ചു.
സ്‌കൂള്‍ ബസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതോടൊപ്പം റോഡ് സുരക്ഷാ മാര്‍ഗങ്ങളും ട്രാഫിക്ക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും എല്ലാ ഡ്രൈവര്‍മാരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.