India

അര്‍ധരാത്രിക്കു ശേഷമുള്ള മെട്രോ സര്‍വീസ് പരിഗണനയിലില്ല

അര്‍ധരാത്രിക്കുശേഷം മെട്രോ സര്‍വീസ് നടത്താന്‍ ഡിഎംആര്‍സിക്കു പദ്ധതിയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള പാതയില്‍ രാത്രി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം.

മെട്രോ ട്രെയിനുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതു രാത്രിയിലായതിനാല്‍, സര്‍വീസ് സമയം നീട്ടുന്നതു തല്‍ക്കാലം ഡിഎംആര്‍സിയുടെ പരിഗണനയിലില്ല.

ട്രെയിനുകള്‍ ശുചീകരിക്കാന്‍ കുറച്ചു സമയം മാത്രമാണു ലഭിക്കുന്നതെന്നും അര്‍ധരാത്രിക്കു ശേഷം സര്‍വീസ് നടത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിമാനങ്ങളില്‍ പലതും നഗരത്തിലെത്തുന്നത് അര്‍ധരാത്രിക്കു ശേഷമായതിനാല്‍, മെട്രോ സര്‍വീസ് സമയം നീട്ടണമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

വിമാനത്താവള പാതയില്‍ രാവിലെ 4.45 മുതല്‍ രാത്രി 11.30 വരെയാണു സര്‍വീസ്. മറ്റു പാതകളില്‍ രാവിലെ അഞ്ചു മുതല്‍ 11.30 വരെയും.