Kerala

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരിക്കുന്നു

കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ഡ്യൂട്ടി പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് യൂണിയനുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ സര്‍വീസുകള്‍ മികച്ച കളക്ഷനോടെയാണ് ഓടുന്നത്. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കും. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് മുന്‍വിധിയോ പിടിവാശിയോ ഇല്ല. തൊഴിലാളി യൂണിയനുകളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.