Kerala

ആലപ്പുഴ ചങ്ങനാശേരി റോഡ് അടയ്ക്കുന്നു; നാളെ 12 മണിക്കൂര്‍ ഗതാഗതം വഴിതിരിച്ച് വിടും

ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് നാളെ 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്. ഇതോടെ എസി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് പോലീസ് അറിയിച്ചു. എസി റോഡിലൂടെ പോകാനെത്തുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ച് പോകണമെന്നും പോലീസ് അറിയിച്ചു.

കുടിവെള്ള പദ്ധതിയില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി മാമ്പുഴക്കരിയില്‍ എസി റോഡിന്റെ തെക്കുവശം വരെ എത്തിച്ചിരിക്കുന്ന വടക്കുവശത്തുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്.

എസി റോഡിന്റെ നടുവില്‍ പൈപ്പ് ജോയിന്റ് വരുന്നതിനാല്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി റോഡിനു കുറുകെ ഒറ്റ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ക്കാണ് റോഡിലൂടെയുള്ള ഗതാഗതം 12 മണികൂര്‍ തടയുന്നത്. എസിറോഡിലൂടെ അത്യാവശ്യ സന്ദര്‍ഭത്തില്‍ ഉണ്ടാകാവുന്ന ഗതാഗതം ഇനി പറയുംവിധം ക്രമീകരിക്കും. ചെറിയവാഹനങ്ങള്‍ എസി റോഡ്-മാമ്പുഴക്കരി പാലം-തെക്കോട്ടുതിരിഞ്ഞ്-മിത്രക്കരി എസ്എന്‍ഡിപി ശാഖായോഗം വഴി-പടിഞ്ഞാറ് തിരിഞ്ഞ്-ഉരുക്കരി-കാപ്പിരിശ്ശേരി-വേഴപ്ര-വടക്കുതിരിഞ്ഞ് ടൈറ്റാനിക് പാലം വഴി എസി റോഡില്‍ എത്താം.

വലിയ വാഹനങ്ങള്‍ ആലപ്പുഴയില്‍ നിന്നുള്ള രാമങ്കരി-എടത്വ-വെട്ടുകാട് വഴി തിരിഞ്ഞ് മാമ്പുഴക്കരി എസി റോഡു വഴിയും ചങ്ങനാശ്ശേരിയില്‍ നിന്നുള്ള മാമ്പുഴക്കരി-വെട്ടുകാട്-എടത്വ-രാമങ്കരി വഴി എസി റോഡിലേക്ക് കടന്നു പോകണമെന്ന് ജല അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.