അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി

വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്‍റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ.

മസിനഗുഡി– ഊട്ടി

നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്‍റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർ‌ജ്.

വയനാട്

വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്.

തെന്മല ഇക്കോ ടൂറിസം

തെക്കൻ കേരളത്തിൽ വളരെയധികം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലമാണു തെന്മല. ഏഷ്യയിലെ ആദ്യത്തെ ഇക്കോടൂറിസം പ്രോജക്ട് കൂടിയാണ് തെന്മല. ട്രക്കിങ്, കുട്ടികളുടെ പാർക്ക്, സാഹസിക പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, പാലരുവി വെള്ളച്ചാട്ടം, മാൻ പാർക്ക് എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. താമസം, ഭക്ഷണം എന്നിവയുൾപ്പെടെ 4225 രൂപയാണു ചാർജ്.

ആലപ്പുഴ

വഞ്ചിവീട്ടിലിരുന്ന് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള പാക്കേജാണിത്. ഭക്ഷണം, യാത്ര, വഞ്ചിവീട് എന്നിവയുൾപ്പെടെ 2500 രൂപയാണു ചാർ‌ജ്.

രാമേശ്വരം-ധനുഷ്കോടി-മധുര

രാമേശ്വരം ക്ഷേത്രദർശനവും ധനുഷ്കോടിയിലെ ബീച്ച് സഫാരിയും മുൻ പ്രസിഡന്‍റ് എപിജെ അബ്ദുൽ കലാമിന്‍റെ മ്യൂസിയവും മധുര ക്ഷേത്ര ദർശനവുമാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താമസം, ഭക്ഷണം എന്നിവയുൾപ്പെടെ 3805 രൂപയാണു ചാർജ്.

മൂന്നാർ

മൂന്നാറിലേക്കു രണ്ടു ദിവസത്തെ യാത്രയാണു ‍ഡിടിപിസി ഒരുക്കിയിരിക്കുന്നത്. ഇക്കോ പോയിന്‍റ്, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ടോപ്പ് സ്റ്റേഷൻ, ലോക്ക് ഹാർ‌ട്ട് പ്ലാന്റേഷൻ, ആനയിറങ്കൽ ഡാം എന്നിവയാണു സന്ദര്‍ശിക്കുക. താമസം, ഭക്ഷണം, യാത്ര, പ്രവേശന ഫീസുകൾ, ബോട്ടിങ് എന്നിവ ഉൾപ്പെടെ 2800 രൂപയാണ് ഒരാൾക്കു ചാർജ്.

ഇക്കോ ട്രിപ്പ്

ഇക്കോ ട്രിപ്പില്‍ ചിമ്മിനി, പീച്ചി, പൂമല, വാഴാനി എന്നീ ഡാമുകളും ഒല്ലൂർ ഏവുപ്രാസ്യമ്മയുടെ കബറിടവും തൃക്കൂർ ഗുഹാക്ഷേത്രവും സന്ദർശിക്കും. ഉച്ചഭക്ഷണം, രണ്ടു നേരത്തെ ലഘുഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്കു 600 രൂപയാണു ചാർജ്.

പറമ്പിക്കുളം

പറമ്പിക്കുളം കാട്ടിൽ ഒരു മണിക്കൂർ നീളുന്ന ട്രക്കിങ്, മുളച്ചങ്ങാട യാത്ര, കാട്ടിലെ കാഴ്ച കാണൽ എന്നിവയാണ് പാക്കേജില്‍ ഉൾപ്പെട്ടിട്ടുള്ളത്. മൂന്നു നേരത്തെ ഭക്ഷണം, രണ്ടു നേരത്തെ ലഘുഭക്ഷണമുൾപ്പെടെ 2210 രൂപയാണ് ഒരാൾക്കു ചാർജ്.

മുസിരിസ് ഹെറിറ്റേജ്

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കോട്ടപ്പുറം ഫോർട്ട്, ചേന്ദമംഗലം സിനഗോഗ്, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, കോട്ടയിൽ കോവിലകം, ചേരമാൻ ജുമാ മസ്ജിദ് എന്നിവയാണ് സന്ദര്‍ശിക്കുക. ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവ ഉൾപ്പെടെ 950 രൂപയാണു നിരക്ക്.

കായല്‍ സഫാരി

വിലങ്ങൻകുന്ന്, പുന്നത്തൂർ ആനക്കോട്ട എന്നിവിടങ്ങളിൽ സന്ദർശിച്ച് ഏനാമാവിൽനിന്നു ചേറ്റുവ വരെ ഹൗസ് ബോട്ട് യാത്രയും അതിനുശേഷം സ്നേഹതീരം ബീച്ച് സന്ദർശനവുമാണു പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളുമുൾപ്പെടെ ഒരാൾക്കു 950 രൂപയാണു ചാർജ്.

ധ്യാനലിംഗ

കോയമ്പത്തൂരിനടുത്തുള്ള വെള്ളങ്കിരി മലകളുടെ താഴ്‌വാരത്തെ പ്രശസ്തമായ ലിംഗഭൈരവി ആരാധനാലയവും ധ്യാനലിംഗ മെഡിറ്റേഷൻ സെന്‍ററുമാണു ട്രിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളുമുൾപ്പെടെ ഒരാൾക്കു 1800 രൂപയാണു ചാർജ്.

പഴനി യാത്ര

പഴനി ക്ഷേത്രത്തിലെ തങ്കത്തേര് കാണുന്നതും ക്ഷേത്രദർശനം നടത്തുന്നതുമുള്‍പ്പടെയുള്ള യാത്രയാണിത്‌. ഭക്ഷണം, പ്രസാദം എന്നിവ ഉൾപ്പെടെ 1000 രൂപയാണു ചാർജ്.

മൂകാംബിക– മുരുഡേശ്വർ– ഉഡുപ്പി

കർണാടകയിലെ മൂന്നു ക്ഷേത്രങ്ങളായ കൊല്ലൂർ–മൂകാംബിക–ഉഡുപ്പി എന്നിവിടങ്ങളിലേക്കു രണ്ടു ദിവസം നീളുന്ന പാക്കേജ്. മൂകാംബികയിൽ ദേവിയുടെ മൂന്നു വ്യത്യസ്ത ദർശനങ്ങളും നടത്തി മുരുഡേശ്വർ ക്ഷേത്രത്തിലെത്തുന്നു. അതിനുശേഷം ഉഡുപ്പി ക്ഷേത്രത്തിലേയ്ക്ക്. ഇവിടുത്തെ ദർശനത്തിനുശേഷം മടക്കം. ഭക്ഷണം, താമസം, പ്രത്യേക പൂജ, മുഴുവൻ സമയ ഗൈഡ്, എസി വാഹനം എന്നിവയുൾപ്പെടെ ഒരാൾക്കു 4000 രൂപയാണു ചാർജ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2320800