News

ചെന്നൈ സെന്‍ട്രല്‍- നെഹ്രു പാര്‍ക്ക് മെട്രോ ഉടന്‍

ചെന്നൈ സെൻട്രൽ-നെഹ്രു പാർക്ക് പാതയിൽ അടുത്തമാസം മെട്രോ ഓടിത്തുടങ്ങും. ഇതോടെ, സെൻട്രൽ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോയിൽ പോകാനുള്ള സൗകര്യവും ലഭ്യമാകും. സെൻട്രൽ പാത തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

തിരക്കുള്ള സമയങ്ങളിൽ രണ്ടര മിനിറ്റിൽ ട്രെയിൻ ഓടിക്കാനും മെട്രോയ്ക്കു പദ്ധതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം തിരക്കുള്ള സമയങ്ങളിൽ പരമാവധി ഏഴു മിനിറ്റാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള. തിരക്കില്ലാത്ത സമയങ്ങളിൽ ഇത് 20 മിനിറ്റ് വരെയാകും.

സെൻട്രലിൽനിന്നു ഷെണായ് നഗർ വഴി വിമാനത്താവളത്തിലേക്കു നേരിട്ട് മെട്രോയിൽ സഞ്ചരിക്കാമെന്നതാണു പുതിയ പാതയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ നെഹ്രു പാർക്കിൽ നിന്നും അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സെൻട്രൽ സ്റ്റേഷനിൽനിന്നു 40 മിനിറ്റിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷ.

റോഡിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുന്ന സമയങ്ങളിൽ ഒന്നര മണിക്കൂർ വരെയാണ് വിമാനത്താവളത്തില്‍ എത്താന്‍ എടുക്കുന്ന സമയം. സെൻട്രലിനെ എഗ്മൂറും നെഹ്രു പാർക്കുമായി ബന്ധിപ്പിക്കുന്ന ട്രാക്കാണ് അടുത്ത മാസം തുറക്കുന്നത്. അണ്ണാശാലയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ട്രാക്ക് ഈ വർഷം അവസാനത്തോടെ തുറക്കും.