കാപ്പിലിന് കഷ്ടകാലം മാറുമോ? കായല്‍ സവാരിയുടെ കാലം വരുമോ?
തിരുവനന്തപുരത്തെ പ്രകൃതി മനോഹര സ്ഥലമായ കാപ്പിലിനു കായല്‍ സവാരിയുടെ നല്ല നാളുകള്‍ തിരിച്ചെത്തുമോ? തീരത്ത് തുരുമ്പെടുത്തും നശിച്ചും പോകുന്ന ജലയാനങ്ങള്‍ക്ക് പകരം പുതിയവ കായലോളങ്ങളെ സ്പര്‍ശിക്കുമോ? കാത്തിരിക്കുകയാണ് കാപ്പിലുകാര്‍. അവര്‍ മാത്രമല്ല കായല്‍ സവാരി കൊതിക്കുന്നവരൊക്കെയും.
2001ലാണ് കാപ്പിലില്‍ ഡിടിപിസിയുടെ ഉടമസ്ഥതയില്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ് തുടങ്ങിയത്. 22 ബോട്ടുകളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു സഫാരി ബോട്ടുമാത്രമാണുള്ളത്. മറ്റു ബോട്ടുകളെല്ലാം ഫിറ്റ്‌നസ് ഇല്ലാത്തതിന്റെപേരില്‍ കരയില്‍ കയറ്റിയിട്ടിരിക്കുകയാണ്.കായല്‍ സവാരിക്ക് ആവശ്യമായ ബോട്ടുകളില്ലാത്തതിനാല്‍ ബോട്ടുക്ലബ്ബ് സഞ്ചാരികളില്‍ നിന്നകന്നിട്ട് വര്‍ഷങ്ങളായി.
കായലേ..കാപ്പില്‍ കായലേ..
സ്പീഡ്, സ്‌കൂട്ടര്‍, സഫാരി, റോയിങ്, പെഡല്‍, ഡിങ്കി എന്നിങ്ങനെ 22 ബോട്ടുകളുമായിട്ടായിരുന്നു പ്രിയദര്‍ശിനി ബോട്ട് ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യവര്‍ഷങ്ങളില്‍ നിരവധി സഞ്ചാരികള്‍ ബോട്ടില്‍ കായല്‍ഭംഗി ആസ്വദിക്കാനെത്തി.
ജലകായികാഭ്യാസങ്ങള്‍ക്കും ക്ലബ്ബ് വേദിയായി. കാലക്രമേണ ബോട്ടുകള്‍ കേടായും ഫിറ്റ്‌നസ് ലഭിക്കാതെയും കരയ്ക്കുകയറ്റിയതോടെ ബോട്ട് ക്ലബ്ബിന്റെ ശനിദശ തുടങ്ങി. തട്ടേക്കാട് ബോട്ടപകടത്തെത്തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കാലപ്പഴക്കംചെന്ന ബോട്ടുകള്‍ നീറ്റിലിറക്കാന്‍ കഴിയാതായി. അറ്റകുറ്റപ്പണികള്‍ നടത്തി ഇവ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ ശ്രമിച്ചതുമില്ല. ഇതോടെ 17 വര്‍ഷംകൊണ്ട് ബോട്ടുകള്‍ 22-ല്‍ നിന്നും ഒന്നായി ചുരുങ്ങി.
കൊയ്ത്തു നടത്തി സ്വകാര്യ മേഖല
ഉപയോഗശൂന്യമായ ബോട്ടുകളെല്ലാം കാപ്പില്‍ പാലത്തിനടിയിലും സമീപത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. ബോട്ട് എന്‍ജിനുള്‍പ്പെടെയുള്ള കരയിലും വെള്ളത്തിലും കിടന്ന് നശിക്കുന്നു. മണിക്കൂറിന് ആയിരംരൂപയും അരമണിക്കൂറിന് 600 രൂപയുമാണ് നിരക്ക്. അതേസമയം കായലിന്റെ മറുകരയില്‍ സ്വകാര്യബോട്ട് ക്ലബ്ബ് കൂടുതല്‍ ബോട്ടുകളുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്നുമുണ്ട്. കൂടുതല്‍ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. പുതിയ ബോട്ടുകള്‍ എത്തിക്കുന്നതിലും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും അധികൃതര്‍ പൂര്‍ണ പരാജയമാണ്. ഇടയ്ക്ക് വിവാദത്തിലായി മുടങ്ങുകയും പിന്നീട് ജീവന്‍വയ്ക്കുകയുംചെയ്ത കാപ്പില്‍ ടൂറിസം വികസന പദ്ധതിയുടെ നിര്‍മാണങ്ങള്‍ അവസാന ഘട്ടത്തിലാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ തയ്യാറാകുന്ന പദ്ധതിക്കൊപ്പം ബോട്ട് ക്ലബ്ബും മുന്നോട്ടുകുതിക്കുമെന്നാണ് പ്രതീക്ഷ.
കായലൊന്നു ചിരിച്ചാല്‍…
ഇനി പ്രതീക്ഷ കെ.ടി.ഡി.സി.യുടെ കാപ്പില്‍ ടൂറിസം വികസന പദ്ധതിയിലാണ്. ബോട്ടുക്ലബ്ബിനുസമീപം ടൂറിസം പദ്ധതി ആരംഭിക്കുന്നതോടെ കാപ്പിലിലിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകേണ്ട പ്രിയദര്‍ശിനി ബോട്ട് ക്ലബ്ബിന്റെയും ശനിദശ മാറുമെന്നാണ് കരുതുന്നത്.
പൊലീസ് ബോട്ടും കരയ്ക്ക് തന്നെ
തീരസുരക്ഷയ്ക്കായി അനുവദിച്ച പോലീസ് ബോട്ട്, എയര്‍ഫോഴ്‌സിന്റെ ബോട്ട് എന്നിവയും കട്ടപ്പുറത്താണ്. തീരമേഖലയില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും മണലൂറ്റ് തടയുന്നതിനുമായി ഉള്‍നാടന്‍ ജലവകുപ്പ് അനുവദിച്ച പോലീസ് ബോട്ടാണ് വര്‍ഷങ്ങളായി കരയില്‍ വിശ്രമിക്കുന്നത്.