ദക്ഷിണ റെയില്‍വേയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 7000 കോടി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7000 കോടി രൂപ വരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. ചരക്കു നീക്കത്തിൽ നിന്നും ടിക്കറ്റ് വിൽപനയിൽ നിന്നും ലഭിച്ച വരുമാനമാണിത്. ടിക്കറ്റ് വരുമാനം മാത്രം 4,262 കോടി രൂപയാണ്. ഇതിനു പുറമെ ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റഴിച്ച വകയിൽ 230.06 കോടി രൂപ ലഭിച്ചതായും റെയിൽവേ അധികൃതർ പറഞ്ഞു. ചരക്ക് ട്രെയിനുകളിൽ നിന്നും 4.7 ശതമാനത്തിന്റെയും പാസഞ്ചർ ട്രെയിനുകളിൽ നിന്നും 6.21 ശതമാനത്തിന്റെയും വരുമാന വർധനയുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 2,323 സ്പെഷൽ ട്രെയിനുകൾ ഓടിച്ചു. തൊട്ടുമുൻപത്തെ വർഷം 1610 സ്പെഷൽ ട്രെയിനുകൾ മാത്രം ഓടിച്ച സ്ഥാനത്താണിത്. 1,696 സുവിധ ട്രെയിനുകളും പ്രത്യേക നിരക്കുവണ്ടികളും 14.48 ലക്ഷം യാത്രക്കാർക്കു തുണയായി. 106 കോടി രൂപയാണ് ഇതിൽ നിന്നുമാത്രമുള്ള വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 39% വരുമാന വർധന.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഒട്ടേറെ നേട്ടങ്ങൾ റെയിൽവേ കൈവരിച്ചതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ പറഞ്ഞു. ദക്ഷിണ റെയിൽവേയ്ക്കു കീഴിലെ 158 ആളില്ലാ ലെവൽ ക്രോസുകളിൽ ജീവനക്കാരെ നിയമിച്ചു. ഇതോടെ, ചെന്നൈ, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതായി. കൂടാതെ റെയിൽവേ പാലങ്ങളിൽ നടത്തുന്ന സുരക്ഷാ പരിശോധനയ്ക്ക് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു നിയന്ത്രിക്കാൻ സാധിക്കുന്ന റോബട്ടിക് വാഹനവും അവതരിപ്പിച്ചു.
കേരള റെയിൽവേ വികസന കോർപറേഷന്റെ മാതൃകയിൽ തമിഴ്നാട് സർക്കാരുമായി സഹകരിച്ച് സമാനമായ പദ്ധതി തമിഴ്നാട്ടിലും നടപ്പാക്കാൻ ശ്രമിക്കുമെന്നും പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിച്ചാൽ കൂടുതൽ സബേർബൻ പാതകൾ നിർമിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്നും കുൽശ്രേഷ്ഠ വ്യക്തമാക്കി. അതേസമയം 1,600 കോടി രൂപ ചെലവിൽ വില്ലുപുരം– ഡിണ്ടിഗൽ സെക്ഷനിലെ 270 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
പാത ഇരട്ടിപ്പിക്കൽ ജോലി പൂർത്തിയായ മണപ്പാറ- കൽപാത്തിഛത്രം, കൽപാത്തിഛത്രം– താമരപ്പാടി സെക്ഷനിലെ 48 കിലോമീറ്റർ പാതയും കമ്മിഷൻ ചെയ്തു. ഇതു കൂടാതെ മധുര–തൂത്തുക്കുടി പാത 1,200 കോടി രൂപ ചെലവിൽ വൈദ്യുതീകരിക്കും. വാഞ്ചി– മണിയാച്ചി– നാഗർകോവിൽ പാതയിലെ വൈദ്യുതീകരണത്തിനായി 1,000 കോടി രൂപ വകയിരുത്തി. അടുത്ത ഏതാനും വർഷത്തിനുള്ളിൽ സ്റ്റേഷനുകളിലെയും പാതകളിലെയും അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുമെന്നും റെയിൽവേ അറിയിച്ചു.