പുതിയ നികുതി രേഖയായി ; ഇനി റിട്ടേണില്‍ ശമ്പളവും അലവന്‍സും ഇനം തിരിച്ച്; വ്യവസായികള്‍ ജിഎസ്ടി നമ്പരും നല്‍കണം
നികുതി പരിധിയില്‍ വരുന്ന ശമ്പളക്കാരും ബിസിനസുകാരും വായിച്ചറിയാന്‍…കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്നു കഴിഞ്ഞു. ജൂലൈ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം
ശമ്പളക്കാരുടെ നികുതി തട്ടിപ്പ് തടയാന്‍ സമഗ്രപരിഷ്കാരവുമായി ആദായ നികുതിവകുപ്പ്. അടിസ്ഥാന ശമ്പളത്തിനു പുറമെ ലഭിക്കുന്ന മുഴുവന്‍ അലവന്‍സുകളും ഇനം തിരിച്ചു വേണം ഇനി റിട്ടേണ്‍ നല്കാന്. ആദായനികുതി കിഴിവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അതും ഇനം തിരിച്ച് രേഖപ്പെടുത്തി സമര്‍പ്പിക്കണം. വ്യവസായികള്‍ ആദായനികുതി റിട്ടേണ്‍ നല്കുമ്പോള് ജിഎസ്ടി റജിസ്ട്രേഷന് നമ്പറും നിര്‍ബന്ധമായി നല്‍കണം. ജിഎസ്ടി റിട്ടേണില്‍ കൊടുക്കുന്നതിനു വിരുദ്ധമായ വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉണ്ടെങ്കില്‍ ഇതോടെ കുടുങ്ങും. ഈ മാസം ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ റിട്ടേണ്‍ ഫോം ആണ് ഇന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയത്. നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ ആയി തന്നെ ഇവ ഫയല്‍ ചെയ്യാം.
ശമ്പളക്കാര്‍ക്കു ബാധകമായ ഐടിആര്‍-1 ല്‍ ആണ് ശമ്പളം ഇനം തിരിച്ച് ഇനി രേഖപ്പെടുത്തേണ്ടത്. അടിസ്ഥാന ശമ്പളം, സ്പെഷല്‍ അലവന്‍സ്, കണ്‍വേയന്‍സ് അലവന്‍സ്, പെര്‍ഫോമന്‍സ് അലവന്‍സ് തുടങ്ങിയ പേരുകളില്‍ ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യവും പ്രത്യേകം രേഖപ്പെടുത്തണം. തൊഴിലുടമ ഫോം 16 നല്‍കേണ്ടതും ഇനം തിരിച്ചുവേണം.
വ്യവസായത്തിലൂടെയും ഡോക്ടര്‍, വക്കീല്‍ തുടങ്ങിയ പ്രഫഷനുകളിലൂടയും അല്ലാതെ വരുമാനമുള്ളവര്‍ക്കാണ് ഇനി ഐടിആര്‍ 2. വ്യക്തികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങള്ക്കുമാണ് ഇത് ബാധകം. വ്യവസായികളും പ്രഫഷണലുകളും ഐടിആര്‍ 3 അല്ലെങ്കില്‍ ഐടിആര്‍ 4 ഫയല്‍ ചെയ്യണം. അനുമാന നികുതി അടയ്ക്കുന്നവര്‍ക്കാണ് ഐടിആര്‍ നാല്.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ഐടിആര്‍ ഒന്നിനു പകരം ഐടിആര്‍ രണ്ട് ആണ് ബാധകമാവുക. 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്താനും പുതിയ ഫോമില്‍ സൗകര്യമുണ്ട്.
80 വയസ്സുകഴിഞ്ഞവര്‍ക്ക് നികുതി റീഫണ്ട് കിട്ടാനില്ലെങ്കില്‍ ഐടിആര്‍ 1, ഐടിആര്‍ 4 എന്നീ ഫോമുകള്‍ ഉപയോഗിച്ച് കടലാസില്‍ തന്നെ റിട്ടേണ്‍ നല്‍കാം. വിശദ വിവരങ്ങളും പുതിയ ഫോമും ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭിക്കും: www.incometaxindia.gov.in