Middle East

ദോഹ മെട്രോ ആദ്യ സര്‍വീസ് ഒക്ടോബറില്‍

ദോഹ മെട്രോയുടെ ആദ്യ ഘട്ടമായ റെഡ്‌ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടന്നേക്കും. അല്‍ വക്രയിലേക്കാവും ആദ്യ സര്‍വീസ് നടത്തുക. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്‍പശാലയില്‍ മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

അല്‍ റിഫാ സ്റ്റേഷന്റെ ആകാശ ദൃശ്യം

അത്യാഹിത ഘട്ടങ്ങളില്‍ സ്റ്റേഷനുകളില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചായിരുന്നു ശില്‍പശാല. തീരപാത എന്നുകൂടി അറിയപ്പെടുന്ന റെഡ് ലൈനിനു 40 കിലോമീറ്ററാണു ദൈര്‍ഘ്യം. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. 2022ലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളിലേക്കു നേരിട്ടെത്താവുന്ന വിധത്തിലാണ് രണ്ടിടത്തും സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിനെ സ്പര്‍ശിച്ചാണു റെഡ് ലൈന്‍ കടന്നുപോകുന്നത്.

റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. കത്താറ, അല്‍ ബിദ, വെസ്റ്റ്ബേ, കോര്‍ണിഷ്, ഡിഇസിസി (ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍), അല്‍ ഖസാര്‍, റാസ് ബു ഫോണ്ടാസ്, ഇക്കണോമിക് സോണ്‍, ഒഖ്ബ ഇബ്ന്‍ നാഫീ, അല്‍ മതാര്‍, അല്‍ ഗദീം, ഉംഗവാലിന, അല്‍ ജദീദ, മിഷൈരിബ് എന്നിവയാണ് ഈ ലൈനിലെ ഇതര സ്റ്റേഷനുകള്‍.

ഇതില്‍ മിഷൈരിബ് മറ്റു ലൈനുകള്‍ സംഗമിക്കുന്ന പ്രധാന സ്റ്റേഷനാണ്. മെട്രോ ഓടിത്തുടങ്ങുമ്പോള്‍ മുഖ്യ സ്റ്റേഷനായ മിഷൈരിബില്‍ ഓരോ മണിക്കൂറിലും എത്തുക ഒരുലക്ഷം യാത്രക്കാരാണ്. രണ്ടാംനിര സ്റ്റേഷനുകളില്‍ മണിക്കൂറില്‍ 60,000 യാത്രക്കാരും സാധാരണ സ്റ്റേഷനുകളില്‍ 30,000 പേരും എത്തും.