മരുഭൂവിലൂടെ മനസു നിറഞ്ഞൊരു യാത്ര

പച്ചപ്പ്‌തേടിയും മഞ്ഞ് തേടിയും യാത്ര പോയിട്ടുണ്ട്. ഇതല്‍പ്പം വ്യത്യസ്തമാണ്. മരുഭൂമിയെ തേടിയുള്ള യാത്ര.  പലരും പറഞ്ഞും വായിച്ചും മരുഭൂമിയിലൂടെയുള്ള യാത്ര കൊറേ നാളായി മോഹിപ്പിക്കുന്നു. അങ്ങനെ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഹോളി ദിവസമായിരുന്നു യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത്.

രാജസ്ഥാൻ കണ്ടാലും കണ്ടാലും തീരില്ല. ജയ്‌ സൽമീർ, ജാദപൂർ, ഥാര്‍, അള്‍വാര്‍ …അങ്ങനെ പോകുന്നു സ്ഥലങ്ങളുടെ  നിര. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ  കാണുന്ന സ്ഥലങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. അങ്ങനെ ഏതൊക്കെ കാണണം എന്ന് പ്ലാൻ ഉണ്ടാക്കി. പിങ്ക് സിറ്റി, അജ്മീര്‍, പുഷ്ക്കര്‍ അങ്ങനെ  മൂന്നു സ്ഥലങ്ങള്‍ ലിസ്റ്റില്‍പ്പെടുത്തി. ആദ്യം അജ്മീറിൽ പിന്നെ പുഷ്കർ അത് കഴിഞ്ഞു ജയ്പൂർ അതായിരുന്നു പ്ലാൻ.

ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ. അവിടെയാണ് രാത്രി തങ്ങുന്നത്. പാട്ടും മേളവും നിറങ്ങളുമായി ഹോളി ആഘോഷം പൊടി പൊടിക്കുന്നുണ്ട്. മണൽ കുന്നുകൾ,  ഇടയിൽ ചെറു മരങ്ങൾ, വീടുകൾ, രാജസ്ഥാനി വേഷധാരികൾ. റൊട്ടിയും, പറാത്തയും ചായയും നുകർന്നു ഒരു കിടിലൻ യാത്ര. വൈകീട്ട് 5.30ന് അജ്മീരില്‍എത്തി. അജ്മീറിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ദർഗ ശരീഫ്. ഖ്വാജാ മോഹിയുദ്ദീന്‍റെ  ഖബറിടം ഇവിടെയാണ്.  വർഷാവർഷം ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് ആണ്  പ്രധാന ആഘോഷം.

പിറ്റേന്ന് രാവിലെ അക്ബർ മ്യൂസിയവും ഫോർട്ടും ലക്ഷ്യമാക്കിയായിരുന്നു യാത്ര. പടയാളികൾ ഉപയോഗിച്ച ആയുധങ്ങൾ, അവരുടെ വസ്ത്രങ്ങൾ, ചിത്രങ്ങൾ.. അങ്ങനെ നിരവധി കാഴ്ചകളുണ്ട് കോട്ടയില്‍. അവിടെനിന്നും പുഷ്ക്കറിലേയ്ക്കായിരുന്നു യാത്ര. ഒട്ടകങ്ങളുടെ നാട്ടിലേയ്ക്ക്. മരുഭൂമിയിലെ ഒട്ടക സവാരി ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അജ്മീറില്‍ നിന്നും 170 കിലോമീറ്റർ യാത്ര ചെയ്തു വേണം പുഷ്ക്കറില്‍ എത്താന്‍.  ഇവിടുത്തെ കാഴ്ചകള്‍ വേഗം കണ്ടു തീര്‍ത്ത് ജയ്പൂരിലേയ്ക്ക് വണ്ടിയോടിച്ചു.

രാജസ്ഥാൻ എന്നാല്‍ ജയ്പൂരാണ്. ഇന്ത്യയുടെ വിനോദ സഞ്ചാരത്തിന്‍റെ അഭിമാനമായി നിലകൊള്ളുന്ന നഗരം പടുത്തുയർത്തിയത് അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ്. ഭൂമി ശാസ്ത്ര പരമായി പാതി മരുഭൂമിയിലാണ് ജയ്പൂർ നിലകൊള്ളുന്നത്. കോട്ടകൾ, കൊട്ടാരക്കെട്ടുകൾ, ഹവേലികൾ അങ്ങനെ കാണാന്‍ ഒരുപാടുണ്ടിവിടെ. ജയ്‌പൂർ സിറ്റിയിൽ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് അമർ ഫോർട്ട്.

ഈ നഗരം ആദ്യം അംബികേശ്വര എന്നും പിന്നീട് അംബർ എന്ന് ഇപ്പോൾ അമർ എന്നും അറിയപ്പെടുന്നു. രാവിലെ മുതൽ ഉച്ചവരെ ആനയുടെ പുറത്തു കയറി അമർ കൊട്ടാരം കാണാൻ അവസരം കിട്ടി. ദിവസം മുഴുവന്‍ ചിലവഴിച്ചാലും കണ്ടുതീരാത്തത്ര  വിസ്മയങ്ങളുണ്ട് ഈ കോട്ടയ്ക്കകത്ത്.

രാത്രിയിലെ കറക്കം കാരണം രാവിലെ എണീക്കാൻ വൈകി. അന്നത്തെ യാത്ര ജൽമഹൽ കാണാനായിരുന്നു. 1799ൽ മഹാരാജ സവായ് പ്രതാപ് സിങ്ങാണ് ജല്‍മഹല്‍ സ്ഥാപിച്ചത്. അവിടെ നിന്നും സിറ്റി മഹലും ഹവാ മഹലും കാണാൻ പോയി. 1799ൽ രാജ സവായ് പണിതത് ആണ് ഹവാ മഹൽ. അഞ്ചു നിലകളുള്ള കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഹവാ മഹലിൽ 953 ജനലുകൾ ഉണ്ടെന്നാണ് പറയെപ്പെടുന്നത്.

കാഴ്ച്ച  കാണല്‍ മതിയാക്കി ഡൽഹിയിലേക്ക് യാത്ര തിരിച്ചു. കണ്ണില്‍ ഇപ്പോഴും നില്‍ക്കുന്നത് ജയ്പൂരാണ്. ഇനിയുള്ള യാത്ര ജയ്പൂര്‍ മാത്രം ചുറ്റിക്കാണാനായിരിക്കും എന്ന് മനസ്സിലുറപ്പിച്ച് രാജസ്ഥാനോട് യാത്രപറഞ്ഞിറങ്ങി. യാത്രയുടെ അടുത്ത ഭാഗം പിന്നാലെ ..

രാജസ്ഥാന്‍ കാഴ്ചകള്‍