Kerala

താബരം- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്‍പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്.


ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ വിജയമാണ്. മൂന്ന് മാസത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തുടക്കമെന്ന നിലയില്‍ സ്‌പെഷല്‍ ഫെയര്‍ സര്‍വീസ് സ്വാഗതം ചെയ്യുന്നുവെങ്കിലും കേരളത്തിലേക്ക് ഈ പാതയിലൂടെ സ്ഥിരം സര്‍വീസ് വേണമെന്നു തന്നെയാണു ചെന്നൈ മലയാളികളുടെ ആവശ്യം.പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തിനു കേന്ദ്ര സഹമന്ത്രി പുനലൂരില്‍ നിര്‍വഹിക്കുമ്പോള്‍ ഈ പ്രഖ്യാപനമുണ്ടാകുമോയെന്നാണു കാത്തിരിക്കുന്നത്.ഗേജ് മാറ്റത്തിനായി പാത അടയ്ക്കുന്നതിനു മുന്‍പ് എഗ്മൂറില്‍ നിന്നു കൊല്ലത്തേക്കു ദിനംപ്രതി സര്‍വീസുണ്ടായിരുന്നു. കേരളത്തിനു കൂടി അവകാശപ്പെട്ട ഈ ട്രെയിന്‍ തിരുനന്തപുരത്തേക്കു നീട്ടണമെന്ന ആവശ്യവും റെയില്‍വേ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണു ചെന്നൈ മലയാളികള്‍.