ടിയാന്‍മെന്‍ പാത കീഴടക്കിയ റേഞ്ച് റോവറിന് റെക്കോര്‍ഡ്
സൂപ്പര്‍ കാറുകളെ ഓട്ട മത്സരത്തില്‍ തോല്‍പിക്കാമെന്ന് എസ് യു വികള്‍ ഒരിക്കലും അവകാശവാദം പറയില്ല. അങ്ങനെ തോല്‍പ്പിക്കണമെങ്കില്‍ അത് യൂറസോ മറ്റോ ആയിരിക്കണം. എന്നാല്‍ യൂറസ്സിനെ പോലെ സൂപ്പര്‍ എസ്. യു. വി അല്ലാത്ത ഫെറാറി 458 ഇറ്റാലിയയുടെ സൃഷ്ടിച്ച റെക്കോര്‍ഡ് കഴിഞ്ഞ മാസം തകര്‍ത്തു.
റൈഡര്‍മാരുടെ പേടി സ്വപനമായ ചൈനയിലെ ടിയാന്‍മെന്‍ പര്‍വതപാതയിലൂടെ ശരാശരി 68.8
കിലോമീറ്റര്‍ വേഗത്തിലോടിയാണ് റേഞ്ച് റോവറിന്റെ പെര്‍ഫോമന്‍സ് എസ്.യു.വി.യായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ്.വി.ആര്‍ കഴിഞ്ഞ വര്‍ഷം ഫെറാറി സൃഷ്ടിച്ച വേഗത്തിന്റെ റെക്കോഡ് തകര്‍ത്തത്. മലയുടെ അടിയില്‍ നിന്ന് മുകളിലേക്ക് 11.3 കിലോമീറ്റര്‍ ദൂരം മാത്രമേ താണ്ടാനുള്ളുവെങ്കിലും 99 വളവുകളും തിരിവുകളും റോഡരികിലെ നൂറുകണക്കിന് മീറ്റര്‍ താഴ്ചയുള്ള ഗര്‍ത്തങ്ങളുമുള്ള റോഡിലൂടെ പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും ശ്രദ്ധിച്ചേ വണ്ടിയോടിക്കൂ.
ഈ റോഡിലൂടെയാണ് കഴിഞ്ഞ വര്‍ഷം 10 മിനിറ്റ് 31 സെക്കന്‍ഡും കൊണ്ട് ഫെറാറി വേഗത്തിന്റെ റെക്കോഡിട്ടത്. പാനസോണിക് ജാഗ്വാര്‍ റേസിങ് ഡ്രൈവറായ ഹോ-പിന്‍ ടുങ് ഈ ദൂരം റേഞ്ച് റോവര്‍ സ്പോര്‍ട് എസ്.വി.ആറില്‍ 9 മിനിറ്റും 51 സെക്കന്‍ഡും കൊണ്ട് ഓടിയെത്തി.
‘റേസിങ്ങ് ട്രാക്കില്‍ വലിയ വേഗത്തിലോടിക്കുന്നത് എനിക്ക് പരിചയമുണ്ട്. പക്ഷേ, 99 വളവുകള്‍ തീര്‍ത്തും ആദ്യത്തെ അനുഭവമാണ്. പാര്‍ശ്വങ്ങളിലെ ചെങ്കുത്തായ ഗര്‍ത്തങ്ങള്‍ക്കരികിലൂടെ പോകുന്ന റോഡിലെ നിരന്തരമായ വളവുകളിലും തിരിവുകളിലും ഏകാഗ്രത നിലനിര്‍ത്തുകയെന്നതായിരുന്നു വെല്ലുവിളി. ഏതെങ്കിലും ഒരു വളവില്‍ തിരിക്കുമ്പോള്‍ തെറ്റിയാല്‍ പ്രത്യാഘാതം ശരിക്കും ഗുരുതരമായിരിക്കും. അതിനാല്‍ ഡ്രൈവിങ്ങിന് ഒരു താളമുണ്ടാക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. ബാക്കിയെല്ലാം റേഞ്ച്‌റോവര്‍ സ്‌പോര്‍ട് എസ്.വി.ആര്‍. ലഘൂകരിച്ചു. ആ മോഡല്‍ ഒരു എസ്.യു.വി ആയിരിക്കാം, പക്ഷേ അതിനൊരു സൂപ്പര്‍ കാറിന്റെ പ്രകടനശേഷിയും ചുറുചുറുക്കുമുണ്ട്’, ഹോ-പിന്‍ ടുങ്ങ് പിന്നീട് പറഞ്ഞു.
4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനും പരമാവധി 280 കിലോമീറ്റര്‍ വേഗത്തിലോടാനും ശേഷിയുള്ള സ്‌പോര്‍ട് എസ്.വി.ആറിന് കരുത്ത് പകരുന്നത് 575 പി.എസ്. ശക്തിയുള്ള വി8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ പിഎച്ച്ഇവി മോഡല്‍ ഇതിന് മുന്‍മാസം ചൈനയിലെ തന്നെ ഹെവന്‍സ് ഗേറ്റിലേക്ക് ഓടിക്കയറി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.