നിങ്ങളറിഞ്ഞോ? രാമക്കല്‍മേട്ടില്‍ ചിലത് നടക്കുന്നുണ്ട്
ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ ചിലതൊക്കെ നടക്കുന്നുണ്ട്. എന്തൊക്കെയാണ് ഇവിടുത്തെ പുതിയ കാര്യങ്ങള്‍ ?
ജീപ്പുകള്‍ക്ക് നിയന്ത്രണം
രാമക്കൽമേട്ടിൽ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്ന ജീപ്പുകൾക്ക് ടേൺ സമ്പ്രദായം ഏർപ്പെടുത്തിയെന്ന് ഇടുക്കി ഡിടിപിസി സെക്രട്ടറി അറിയിച്ചു. വാഹനങ്ങൾ 1200 രൂപ മാത്രമേ യാത്രക്കാരിൽനിന്നും ഒരു ട്രിപ്പിനു വാങ്ങാൻ പാടുള്ളു. ഓഫ് റോഡ് ട്രെക്കിങ്ങിനു രണ്ട് മണിക്കൂർ ജീപ്പ് ഡ്രൈവർമാർ ചെലവഴിക്കണം. ഏപ്രിൽ അവസാനവാരം മേഖലയിലെ ഡ്രൈവർമാർക്ക് പൊലീസ്, ഡിടിപിസി, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലന പരിപാടി നടത്തുന്നതിനും യോഗം തീരുമാനിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ മേഖലയിലെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തീരുമാനമായി.
നീലക്കുറിഞ്ഞി പൂക്കും മുമ്പേ..
മൂന്നാറിലെ നീലക്കുറിഞ്ഞി സീസൺ ലക്ഷ്യമിട്ട് രാമക്കൽമേട് ടൂറിസവും. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് രാമക്കൽമേട്ടിൽ 1.38 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനം നടത്തും. ടൂറിസം വികസനത്തിനും, അടിസ്ഥാന സൗകര്യവികസനത്തിനുമായാണ് 1.38 കോടി രൂപ അനുവദിച്ചത്. ഇതോടൊപ്പം 30 ലക്ഷം രൂപ മുടക്കി നിർമിച്ച വാച്ച് ടവറിന്റെ ഉദ്ഘാടനവും ഈ മാസം അവസാനത്തോടെ നടക്കും. ആധുനികമായ ടിക്കറ്റ് കൗണ്ടർ, സഞ്ചാരികൾക്ക് നടപ്പാതകൾ, പാർക്കിങ് ഏരിയ എന്നിവയ്ക്കാണ് 1.38 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജയൻ പി. ജയൻ അറിയിച്ചു. രാമക്കൽമേട് ടൂറിസം കേന്ദ്രത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്തുന്നതിനും, കുടിവെള്ളം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം സീസണിനു മുന്നോടിയായി രാമക്കൽമേട്ടിൽ ഡിടിപിസി സംഘടിപ്പിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും പൊലീസ്, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്.
മൊട്ടക്കുന്നിന്റെ പച്ചപ്പ് നിലനിർത്തുന്നതിനായി ഗ്രീൻ കാർപ്പറ്റ് എന്നപേരിൽ പ്രത്യേക പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. കുറവൻ-കുറത്തി ശിൽപ്പത്തിനടുത്തേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും, ശിൽപം രാത്രിയിലും കാണത്തക്കവിധത്തിൽ ലൈറ്റുകൾ സ്ഥാപിക്കുനതിനും സഞ്ചാരികൾക്കും ഓഫ് റോഡിങ് സവാരി നടത്തുന്ന ജീപ്പുകാർക്കും പാർക്കിങ് സൗകര്യം ഒരുക്കുന്നതിനും പദ്ധതിയുണ്ട്. ആമക്കല്ലിലേക്കുള്ള റോപ് വേ ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ച് സാധ്യതാ പഠനം നടന്നുവരികയാണ്. മൊട്ടക്കുന്നിന്റെ പച്ചപ്പ് നിലനിർത്തുന്നതിനായി ഗ്രീൻ കാർപ്പറ്റ് എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പാക്കും. സഞ്ചാരികൾക്കായി കുടിവെള്ളം ഒരുക്കുന്നതിനും, ശൗചാലയങ്ങൾ നവീകരിക്കുന്നതിനും തീരുമാനമായി. മൊട്ടക്കുന്നിൽ പച്ചപ്പ് നിലനിർത്തുന്നതിനായി പുൽത്തകിടി വച്ചുപിടിപ്പിക്കും, മേഖലയിലെത്തുന്ന വയോജനങ്ങൾക്കായി പ്രത്യേക വിശ്രമ സങ്കേതങ്ങളും ഒരുക്കും.