Tech

എതിരാളികളെ നേരിടാന്‍ പേ ടി എം ആപ്പ് പുതുക്കി

വാട്‌സാപ്പ് പെയ്‌മെന്റിനെയും ഗൂഗിള്‍ ടെസിനെയും പണക്കൈമാറ്റത്തിന് നേരിടാന്‍ പുതിയ ഫീച്ചറുമായി പേ ടി എം. പണക്കൈമാറ്റം എളുപ്പമാക്കുന്നതിന് പുതിയ വഴികളാണ് പേ ടി എം സ്വീകരിച്ചിരിക്കുന്നത്. പുതുമകളോയെ പുറത്തിറക്കിയ ഐ ഒ എസ് ആപ് ഞായറാഴ്ച മുതല്‍ ആക്ടീവാണ്. ആന്‍ഡ്രോയിഡില്‍ ആപ് വൈകാതെ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

ആപ്പിലെ ‘മണി ട്രാന്‍സ്ഫേഴ്സ്’ ഓപ്ഷനില്‍ ഇനി ബാങ്ക് ടു ബാങ്ക് ഓപ്ഷനടക്കം പലതരം പണക്കൈമാറ്റ സാധ്യതകളും ഉണ്ടായിരിക്കും. പണക്കൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ 250 കോടി രൂപയാണ് പേടിഎം മാറ്റിവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, രാജ്യത്തെ മൊത്തം പണക്കൈമാറ്റത്തിന്റെ മൂന്നിലൊന്ന് പേടിഎം ആപ്പിലൂടെ നടത്തുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം

ഡിജിറ്റല്‍ വോലറ്റ് ബിസിനസില്‍ റിസേര്‍വ് ബാങ്കിന്റെ പുതിയ നോ-യുവര്‍-കസ്റ്റമര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പേടിഎമ്മിന്റെ പല എതിരാളികള്‍ക്കും അടിതെറ്റിയിരിക്കുന്നിടത്താണ് കമ്പനി ബാങ്ക്-ടു-ബാങ്ക് പണമിടപാടുകളില്‍ കുതിച്ചു ചാട്ടത്തിനു തയാറാകുന്നത്. പരസ്പര ബന്ധമില്ലാതെയാണ് ഇതുവരെ പേടിഎം സ്വന്തം പെയ്മന്റ്സ് ബാങ്കില്‍ നിന്നും മറ്റു ബാങ്കുകളിലേക്കുള്ള പണക്കൈമാറ്റവും, പെയ്മെന്റ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പെയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്കുള്ള പണം മാറ്റവും, ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കുള്ള പണമാറ്റവും ഡിജിറ്റല്‍ വോലറ്റില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കുള്ള പണക്കൈമാറ്റവും നടത്തിയിരുന്നതെന്നാണ് കമ്പനി വൈസ് പ്രസിഡന്റ് ദീപക് ആബട്ട് പറഞ്ഞത്.


എന്നാല്‍ തങ്ങളുടെ പുതിയ ‘സൂപ്പര്‍ ആപ്പിലൂടെ’ പല തരം പണക്കൈമാറ്റം ഒരു ഓപ്ഷനു കീഴിലാക്കിയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. ഇതിലൂടെ ആളുകള്‍ വാടക കൊടുക്കാനായി ബാങ്കില്‍ നിന്നു ബാങ്കിലേക്കു നടത്തുന്ന പണക്കൈമാറ്റമടക്കമുള്ള പല കാര്യങ്ങള്‍ക്കും പേടിഎം ആപ് ഉപയോഗിക്കാനാകും.

പേടിഎം ഇതുവരെ ഡിജിറ്റല്‍ വോലറ്റിലൂടെ പീയര്‍ ടു പിയര്‍ പണമിടപാടുകള്‍ നടത്തുന്നതിലും ക്യൂആര്‍ കോഡിലൂടെ പീയര്‍ ടു മര്‍ച്ചന്റ് ഇടപാടിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി മുതല്‍ ഇതിനെല്ലാം മാറ്റം വരുത്താനാണ് കമ്പനി ആഗ്രഹിക്കുന്നത്. അസംഘടിത തൊഴിലാളികളുടെ ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ തങ്ങളുടെ സേവന പരിധിയില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരം ഇന്‍സ്റ്റന്റ് ഇടപാടുകള്‍ക്ക് പൈസ ഈടാക്കുകയും ഇല്ലെന്നാണ് കമ്പനി പറയുന്നത്.

പണക്കൈമാറ്റം ഒരു മുഷിപ്പന്‍ പണിയാണ്. എന്നാല്‍ അത് എളുപ്പവും സുഗമവും ആക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം പറയുന്നു.