കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും
വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമകാര്യ സമിതി ചെയര്മാന് ഹുമൈദി അല്‍ -സുബായി പറഞ്ഞു.
ഇതുസംബന്ധിച്ച വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അല്‍ ഹുമൈദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുപ്രധാനസമിതികള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
പണമിടപാടില്‍ നികുതി ഏര്‍പ്പെടുത്തതില്‍ രാജ്യത്തെ വിവിധ ധനഇടപാട് സ്ഥാപനങ്ങളും മണി എക്സ്ചേഞ്ച് യൂണിയനും പുതിയ നിയമത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പണമയയ്ക്കുന്നതിന് തെറ്റായ മാര്‍ഗങ്ങള്‍ തേടുന്നതിന് പ്രേരണയാകുമെന്നാണ് അവരുടെ വാദം.