Kerala

ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് വള്ളിക്കുന്ന് കണ്ടല്‍ക്കാടുകള്‍

സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍
റിസര്‍വില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസര്‍വില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്.

ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുകയെന്ന റിസര്‍വ് മാനേജ്‌മെന്റ് പ്ലാന്‍ ആശയം യാഥാര്‍ഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസര്‍വിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്.

രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. സഞ്ചാരികള്‍ക്കു കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം തോണിയില്‍ സഞ്ചരിച്ചു പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

റിസര്‍വ് ഓഫിസ് പരിസരത്തു നിന്നു റെയില്‍വേ പാലത്തിനു അടിയിലൂടെ കണ്ടല്‍ക്കാടുകള്‍ ചുറ്റിയാണ് തോണിയാത്ര ക്രമീകരിച്ചിരിക്കുന്നത്. കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാന്‍ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. കടലും പുഴയും സംഗമിക്കുന്ന അഴിമുഖം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

യാത്രയ്ക്കിടെ ഒന്‍പത് ഇനം കണ്ടലുകള്‍ കാണാനാകും. രണ്ടു റെയില്‍വേ പാലങ്ങളടക്കം ഒന്‍പതു പാലങ്ങളും കടലുണ്ടിപ്പുഴയാല്‍ ചുറ്റപ്പെട്ട നാലു തുരുത്തുകളും ഇവിടെയുണ്ട്. സീസണില്‍ വിവിധയിനം ദേശാടന പക്ഷികളെയും കാണാനാകും. സഞ്ചാരികള്‍ക്കു റിസര്‍വിനെ പരിചയപ്പെടുത്താന്‍ വനംവകുപ്പ് വാച്ചര്‍മാരുടെ സേവനവുമുണ്ട്.

സ്വകാര്യ സംരംഭങ്ങളായി ടൂറിസം ബോട്ട് സര്‍വീസുകള്‍, ഹോംസ്റ്റേ, നാടന്‍ ഭക്ഷണശാല എന്നിവയും കടലുണ്ടിയിലുണ്ട്. ജലായനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ കമ്യൂണിറ്റി റിസര്‍വില്‍ വാച്ച് ടവര്‍ നിര്‍മിക്കുന്നുണ്ട്. ഡിടിപിസിയും പഞ്ചായത്തും മറ്റു ചില വിനോദ സഞ്ചാര പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

ജനകീയ പ്രകൃതി സംരക്ഷണ മേഖലയെന്ന വലിയ ആശയമാണ് കമ്യൂണിറ്റി റിസര്‍വ്. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ 153.84 ഹെക്ടര്‍ പ്രദേശമാണ് ജനപങ്കാളിത്ത ജൈവ വൈവിധ്യ സംരക്ഷണ മേഖലയിലുള്ളത്. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലും 200 മീറ്ററിനകത്തുള്ള പ്രകൃതി സമ്പത്തും, ജീവജാലങ്ങളും, പ്രദേശവാസികളുടെ പരമ്പരാഗത തൊഴിലും ഈ വ്യവസ്ഥിതിക്കു കീഴില്‍ സംരക്ഷിക്കും.

 

വിനോദ സഞ്ചാര മേഖലക്കും, പരിസ്ഥിതി പഠനത്തിനും അനന്ത സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതു കടലുണ്ടിയുടെ ടൂറിസം മേഖലയ്ക്കു പുതിയ പ്രതീക്ഷയേകുകയാണ്.