വില കുറച്ചത് വെള്ളത്തില് ; കുപ്പിവെള്ളത്തിന് വില പഴയപടി
ഏപ്രിൽ രണ്ടുമുതൽ കുപ്പിവെള്ളം ലിറ്ററിന് 20 രൂപയിൽനിന്ന് 12 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. കേരള ബോട്ടിൽസ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ (കെബിഡബ്ല്യുഎ) വിലകുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കമ്പനികൾ വില കുറയ്ക്കാൻ തയാറാകുന്നില്ല. ഭൂരിഭാഗം കടകളിലും ലിറ്റർ വില ഇപ്പോഴും 20 തന്നെ.
ഹോട്ടൽ, കൂൾബാർ, ബേക്കറി തുടങ്ങി മിക്കയിടങ്ങളിലും പഴയപടിയാണ് വില. അസോസിയേഷൻ പ്രഖ്യാപനം ആവർത്തിക്കുന്നതോടെ കുപ്പിവെള്ള വിൽപ്പന സങ്കീർണമായിരിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. വില ചോദ്യംചെയ്ത് പലയിടങ്ങളിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കം പതിവായി.ചില കടകളിൽ വിൽപ്പന നിർത്തിവച്ചു. വിലത്തർക്കം കാരണം കടകളിൽ വെള്ളം ഇറക്കുന്നതും കുറച്ചു. തർക്കമൊഴിവാക്കാൻ വില മുൻകൂട്ടി പറഞ്ഞാണ് വിൽപ്പന. പല ജില്ലകളിലും ചെറുതും വലുതുമായി നൂറുകണക്കിന് പാക്കിങ് ഡ്രിങ്കിങ് വാട്ടർ കമ്പനികളാണ് കുപ്പിവെള്ളം വിൽപ്പനക്കായി ഇറക്കുന്നത്. അസോസിയേഷന് കമ്പനികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
വിവിധ കമ്പനികൾ പല വിലയിലാണ് കടക്കാർക്ക് കുപ്പിവെള്ളം നൽകുന്നത്. ലിറ്ററിന് 20 രൂപ ഉപഭോക്താവ് നൽകേണ്ടിവരുമ്പോൾ 12 മുതൽ 15 വരെയാണ് കമ്പനികൾ കടക്കാരിൽനിന്ന് ഈടാക്കുന്നത്. രണ്ട് ലിറ്ററിന് കമ്പനികൾ 20 രൂപക്ക് കടയിലേക്ക് നൽകുമ്പോൾ ഉപഭോക്താവിൽനിന്ന് 30 മുതൽ 35 രൂപവരെ വാങ്ങിയാണ് കച്ചവടം. അര ലിറ്ററിന് എട്ട് രൂപക്ക് കടക്കാരന് നൽകുമ്പോൾ 10 രൂപക്കാണ് വിൽപ്പന. ആറ് രൂപയുടെ 300 മില്ലിക്ക് എട്ട് രൂപ ഉപഭോക്താവ് നൽകണം.
വിൽപ്പനക്കനുസരിച്ച് വില കൂട്ടിയും കുറച്ചും നൽകുന്ന കമ്പനികളുമുണ്ട്. 100 ലിറ്റർ വെള്ളംവിറ്റാൽ 10 ലിറ്റർ സൗജന്യവും നൽകും. ഇത്തരം കമ്പനികളെല്ലാം വില കുറയ്ക്കാനുള്ള അസോസിയേഷൻ തീരുമാനത്തിന് എതിരാണ്.