കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്‍പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം.
ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ഇവിടെയുണ്ട്. കന്നേറ്റിയിൽ നിന്നു രാവിലെ 11ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് നാലിന് അവസാനിക്കും
ഫോൺ: 8301926625, 0474 2745625
ഇ-മെയില്‍: contact@dtpckollam.com, www.dtpckollam.com