India

1000 രൂപ പാസുമായി വീണ്ടും എം ടി സി

ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം നഗരത്തിലൂടെ എത്ര യാത്ര വേണമെങ്കിലും നടത്താം. എന്നാല്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ദിവസേന രണ്ടു യാത്ര മാത്രമേ നടത്തുവാന്‍ സാധിക്കൂ.

സ്റ്റേജ് അനുസരിച്ചു സീസണ്‍ ടിക്കറ്റിന്റെ നിരക്കിലും വ്യത്യാസമുണ്ടാവും. ഏറെ ജനപ്രിയമായിരുന്ന 50 രൂപയുടെ ‘ട്രാവല്‍ ആസ് യു പ്ലീസ്’ പാസുകളും തിരികെ കൊണ്ടുവരണമെന്നു സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 50 രൂപയുടെ പാസ് ഉപയോഗിച്ചു ദിവസേന നഗരത്തിനുള്ളില്‍ എത്ര യാത്രകള്‍ വേണമെങ്കിലും നടത്താം.

യുവാക്കള്‍ക്കും, ദിവസേന ഒന്നിലേറെ ഇടങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഈ പാസ് ഏറെ ഉപകാരപ്പെട്ടിരുന്നു. വ്യാജ പാസുകള്‍ പ്രചരിക്കുന്നതു കണ്ടെത്തിയതിനെ തുടര്‍ന്നാണിത് നിര്‍ത്തലാക്കിയതെന്നും, ഘടനയില്‍ മാറ്റം വരുത്തി അവ വീണ്ടും പുറത്തിറക്കിയേക്കുമെന്നും എം.ടി.സി അധികൃതര്‍ സൂചിപ്പിച്ചു.