News

അവധിക്കാലമായി; മൂന്നാറില്‍ തിരക്കേറി

ഈസ്റ്റർ അവധിക്ക് പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. വരയാടുകളുടെ പ്രജനനം മുൻനിർത്തി 15 വരെ രാജമലയിലേക്ക് ടൂറിസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വേനലവധി ആയതിനാൽ സ്കൂൾ കുട്ടികളുമായി നിരവധി പേർ മൂന്നാർ സന്ദർശനത്തിനെത്തി. നാട്ടിൻ പുറങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും തെല്ലൊരാശ്വാസം തേടിയാണ് അന്യ സംസ്ഥാനത്തുനിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വന്നു പോകുന്നത്. മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ.

മാട്ടുപ്പെട്ടി ഡാമിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ബോട്ടിങ് നടത്തിയും ആനസവാരിയും മറ്റും നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന എക്കോ പോയിന്റിലും നല്ല തിരക്കാണുള്ളത്. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കെഎഫ്ഡിസി യുടെ റോസ് ഗാർഡൻ സന്ദർശിക്കുന്നതിനും നിരവധി പേരെത്തി. മൂന്നാറിലെ മിക്ക റിസോർട്ടുകളും കോട്ടേജുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരും ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.