താംബരം- കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിയേക്കും
കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ ഗേജ്മാറ്റത്തിനു ശേഷം ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ സൂപ്പര്‍ ഹിറ്റ്. ചെന്നൈയില്‍നിന്നു മാര്‍ച്ച് മുപ്പതിനു വൈകിട്ട് 5.30നു കൊല്ലത്തേക്കു പുറപ്പെട്ട വേനല്‍ക്കാല സ്‌പെഷ്യല്ലിലും, തിരിക 31നു കൊല്ലത്തുനിന്നു പുറപ്പെട്ട മടക്ക ട്രെയിനിലും റിസര്‍വ്ഡ് ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.സര്‍വീസ് ജനപ്രിയമായ സാഹചര്യത്തില്‍ വേനല്‍ക്കാല അവധി പരിഗണിച്ച് വാരാന്ത്യങ്ങളില്‍ താംബരം-കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷം മുന്‍പു കൊല്ലം-ചെങ്കോട്ട പാതയിലെ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. കൊല്ലം-ചെന്നൈ, കൊല്ലം-നാഗൂര്‍, കൊല്ലം-മധുര എന്നീ റൂട്ടുകളില്‍ മൂന്നു ജോഡി എക്‌സ്പ്രസ് ട്രെയിനുകളും, കൊല്ലം-തെങ്കാശി, കൊല്ലം-തിരുനെല്‍വേലി റൂട്ടില്‍ രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിനുകളും റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. ഗേജ് മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ പുനരാരംഭിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്.
ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ച് താംബരത്തെ മൂന്നാം ടെര്‍മിനലായി മാറ്റുമെന്നു ദക്ഷിണ റെയില്‍വേ നേരത്തേ വ്യക്തമാക്കിയിരുന്നു. റെയില്‍വേ ടെര്‍മിനലായി താംബരം മാറുന്നതോടെ ഇവിടെനിന്നു പ്രതിദിനം ആറോ, ഏഴോ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നു റെയില്‍വേ അധികൃതര്‍ സമ്മതിക്കുന്നു. എന്നാല്‍ താംബരത്തുനിന്നു കൊല്ലത്തേക്കു സ്ഥിരം സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. താംബരം മുതല്‍ വിരുദുനഗര്‍ വരെയുള്ള റൂട്ടിലെ സമയക്രമത്തില്‍ പ്രശ്‌നമാവില്ലെങ്കില്‍ സ്ഥിരം സര്‍വീസ് യാഥാര്‍ഥ്യമാകാനാണു സാധ്യതയെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.