News

വിദേശ വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന സംഘം പിടിയില്‍

വിദേശ വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. വിനോദസഞ്ചാരികളുമായി സൗഹൃദം കൂടി അവരെ കബളിപ്പിക്കുന്ന സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്. ടൂര്‍ പാക്കേജുകള്‍ക്ക് വന്‍ തുക ഈടാക്കിയശേഷം അവരെ വഞ്ചിക്കുകയാണ് പതിവ്.

വിനോദ സഞ്ചാരികളില്‍ നിന്നും ടൂറിസം മന്ത്രാലയത്തില്‍ നിന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിരുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഫ്രാന്‍സില്‍ നിന്നെത്തിയ രണ്ടു വിനോദ സഞ്ചാരികളാണ് ഏറ്റവും ഒടുവില്‍ സംഘത്തിനെതിരെ പരാതി നല്‍കിയത്. കൊണാട്ട് പ്ലേസില്‍ കറന്‍സി മാറാനെത്തിയ ഇരുവരെയും ജയ്‌പൂര്‍, ആഗ്രാ ടൂര്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് 27782 രൂപ കബളിപ്പിച്ചു. ഫ്രാന്‍സില്‍ നിന്നുള്ളവരെ ടൂര്‍ കൊണ്ടുപോയതുമില്ല.

കൊണാട്ട് പ്ലേസ് കേന്ദ്രമാക്കി തട്ടിപ്പ് നടത്തിവന്ന സംഘത്തിലെ റിയാസ് അഹമ്മദ് ബോക്തൂ, അല്‍താഫ് എന്നിവരെയാണ് പിടികൂടിയത്. തണുപ്പുകാലത്ത് ഡല്‍ഹിയിലും ചൂടുകാലത്ത് ജമ്മുകാശ്മീരിലും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമെന്നു കൊണാട്ട്പ്ലേസ് ഡിസിപി മധുര്‍ വര്‍മ പറഞ്ഞു