ബുഡേലി ദ്വീപില്‍ ഏകാകിയായി മൊറാന്‍ഡി
മായാദ്വീപില്‍ അകപ്പെട്ട പൈയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. പൈയും വയസ്സന്‍ പുലിയും അതിസാഹസികമായാണ് ദ്വീപില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ 79കാരനായ മൊറാന്‍ഡി ഒറ്റയ്‌ക്കൊരു ദ്വീപില്‍ താമസം തുടങ്ങിയിട്ട് 28 വര്‍ഷമായി. ഇറ്റലിയിലെ മഡാനെ ദ്വീപ് സമൂഹത്തിലെ ബുഡേനി ദ്വീപില്‍ 1989 മുതല്‍ മൊറാന്‍ഡി ഒറ്റയ്ക്കാണ്.
പൈയുടെ കഥ പോലെ തന്നെയാണ് മൊറേന്‍ഡിയുടേതും ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറായപ്പോളാണ് കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിന്റെ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു അദ്ദേഹം.
ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി. ഈ ചെറുകപ്പല്‍ വിറ്റ ശേഷം, ദ്വീപിന്റെ മേല്‍നോട്ടക്കാരന്റെ കുടില്‍ സ്വന്തമാക്കി. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ’68 കാലത്ത് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടു നിന്നു.
അനാവശ്യമായ സായുധ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ ജീവിതമെന്ന് എനിക്ക് മനസ്സിലായി” – പഴയ ജീവിതത്തെ കുറിച്ച് മൊറാന്‍ഡി സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ഒരു സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ അദ്ദേഹം ബുഡേലി ദ്വീപിന്റെ മേല്‍നേട്ടക്കാരനാണ്. പഴയ മേല്‍നോട്ടക്കാരന്റെ കുടിലിലാണ് ഇദ്ദേഹം താമസിക്കുന്നത്. തുടക്കത്തില്‍ സന്ദര്‍ശകരൊന്നും ഇല്ലായിരുന്നുവെന്നും, പിന്നീട് ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടെന്നും മൊറാന്‍ഡി പറഞ്ഞു. പ്രകൃതിയോടുള്ള ബഹുമാനം കൊണ്ടാണ് താനിവിടെ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വര്‍ഷത്തില്‍ കുറച്ച് ദിവസം രണ്ട് പെണ്‍മക്കളെ കാണാന്‍ മൊഡേനയിലേക്ക് മൊറാന്‍ഡി പോകാറുണ്ട്. മൊറാന്‍ഡി അദ്ദേഹത്തിന്റെ സമയം പുതിയ ആശയങ്ങള്‍ക്കായും കണ്ടുപിടുത്തങ്ങള്‍ക്കായും ചിലവഴിക്കാറാണ് പതിവ്. ജൂനിപെര്‍ മരത്തിന്റെ തടി കൊണ്ട് ശില്‍പ്പങ്ങളും മറ്റ് രൂപങ്ങളും നിര്‍മ്മിക്കാറാണ് പതിവ്. വായനയും ധ്യാനവുമാണ് അദ്ദേഹത്തിന്റെ മറ്റ് പതിവ് ശീലങ്ങള്‍.