യാരിസ് മെയ് 18ന് ഇന്ത്യയില്‍ എത്തും
ടൊയോട്ടയുടെ ഇടത്തരം സെഡാനായ യാരിസിനുള്ള ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. മേയ് 18 മുതലാണ് വില്‍പ്പന ആരംഭിക്കുക. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച യാരിസിനുള്ള ബുക്കിങ്ങുകൾ ടൊയോട്ട ഡീലർമാര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽഹിയിലും മറ്റും അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു യാരിസിനുള്ള ബുക്കിങ് പുരോഗമിക്കുന്നു.
പെട്രോൾ എൻജിനോടെ മാത്രമാവും യാരിസ് തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുക. 1.5 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് നാലു സിലിണ്ടർ എൻജിന് പരമാവധി 108 ബി.എച്ച്പി. വരെ കരുത്ത് സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ഏഴു സ്റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർ ബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ. ഇന്ത്യയ്ക്കായി ഡീസല്‍ എൻജിനുള്ള യാരിസ് പരിഗണിക്കുന്നില്ലെന്നാണു ടൊയോട്ട നൽകുന്ന സൂചന. എങ്കിലും സങ്കര ഇന്ധന പതിപ്പ് പിന്നീട് വിപണിയില്‍ എത്തിയേക്കും.
ഈ വിഭാഗത്തിൽ ആദ്യമായി പവേഡ് ഡ്രൈവർ സീറ്റ്, മുൻ പാർക്കിങ് സെൻസർ, കൈയുടെ ചലനം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ക്രമീകരിക്കാവുന്ന നെക്ക് റെസ്ട്രെയ്ന്റ് സഹിതം 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻസീറ്റ്, പിന്നിൽ മേൽക്കൂരയിൽ ഘടിപ്പിച്ച എയർ കണ്ടീഷനൽ വെന്റ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയൊക്കെ യാരിസിന്റെ മുന്തിയ വകഭേദത്തിൽ ടൊയോട്ട ലഭ്യമാക്കുമെന്നാണു പ്രതീക്ഷ.
മികച്ച സുരക്ഷയ്ക്കായി എല്ലാ വീലിലും ഡിസ്ക് ബ്രേക്ക്, ഏഴ് എയർബാഗ്, ഹിൽ ഹിൽ സ്റ്റാർട് അസിസ്റ്റ്, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്പി. തുടങ്ങിയവയൊക്കെ കാറിലുണ്ടാവുമെന്നാണു കരുതുന്നത്. 8.40 — 13.50 ലക്ഷം രൂപ വരെയാകും യാരിസിന്റെ വില.