കുവൈത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍
വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് സ്വീകരിക്കാൻ പുതിയ മാർഗങ്ങൾ കുവൈത്ത് മന്ത്രാലയം പരിഗണിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂലൈ 27ന് അവസാനിക്കാനിരിക്കെയാണ് പുതിയ മാർഗങ്ങൾ പരിഗണിക്കുന്നത്.
ഇൻഷുറൻസ് ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ഇഖാമ പുതുക്കാൻ കഴിയില്ല. ഇഖാമ കാലാവധി അവസാനിക്കുന്നവർക്ക് പുതുക്കാനാകാതെ വന്നാൽ അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യവും ഉണ്ടാകും. അതൊഴിവാക്കാനാണ് പുതിയ മാർഗം കണ്ടെത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുന്നത്.
ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നതിന് കമ്പനിയെ കണ്ടെത്താൻ പുതിയ ടെൻഡർ, ഇൻഷുറൻസ് ഫീസ് സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയത്തെ ചുമതലപ്പെടുത്തൽ, ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കമ്പനി മുഖേന ഫീസ് സ്വീകരിക്കൽ എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങൾ. നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അല്ലാത്തപക്ഷം കരാർ കാലാവധി കഴിഞ്ഞ കമ്പനി ഹെൽത്ത് ഇൻഷുറൻസ് ഫീസ് സ്വീകരിക്കില്ല.