News

ഊബറും ഒലയും ഒന്നിച്ചേക്കും

ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ ആഗോള കമ്പനിയായ ഊബറും ഇന്ത്യന്‍ കമ്പനിയായ ഒലയും ലയിക്കാന്‍ നീക്കം. ഇരു കമ്പനികളിലും മൂലധന നിക്ഷേപം  നടത്തിയിട്ടുള്ള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കാണ് ലയന നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഊബറിന്‍റെയും ഒലയുടെയും പ്രതിനിധികള്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഊബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) വരികയാണ്. ഇതിനു മുന്നോടിയായി ലയനം പൂര്‍ത്തിയാക്കാനാണ് നീക്കം.

അതേസമയം, ഇരുകൂട്ടരും ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ ഊബര്‍ ശൃംഖലയില്‍ 3.50 ലക്ഷം ടാക്‌സികളും ഒലയുടെ കീഴില്‍ ഒമ്പതു ലക്ഷം ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്.