ജോലിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യുഎഇ
യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം. തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ പ്രചാരണം തെറ്റാണെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്കി.
ഔദ്യോഗിക വിസാ സേവന സംവിധാനമായ തസ്ഹീലില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇന്നലെ വിസകള്‍ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. തഹ്സീലിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷന് ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതര്‍ പറഞ്ഞത്.
ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു.എ.ഇയില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്.
യു.എ.ഇയിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഇത് വാങ്ങിക്കേണ്ടതുണ്ട്. ഫെബ്രുവരിയില്‍ നടപ്പാക്കിയ ഈ നിയമം നാട്ടില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു.