അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും

 

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്.

പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സി.എല്‍. തന്നെ വീണ്ടും പഠനം നടത്തുകയും അതിന്മേല്‍ റെയില്‍വേ വീണ്ടും പരിശോധന നടത്തുകയും ചെയ്യുമ്പോള്‍ പദ്ധതി അനന്തമായി നീളുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംയുക്തമായി വീണ്ടും സാധ്യതാപഠനം നടത്തി തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ചെയര്‍മാന്‍ യോജിച്ചു. സാധ്യതാപഠനം ഉടനെ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

അങ്കമാലി-ശബരിപാത, പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം,നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി-മൈസൂരു പാത, ഗുരുവായൂര്‍-തിരുനാവായ പാത, ബാലരാമപുരം-വിഴിഞ്ഞം തുറമുഖപാത, ചെങ്ങന്നൂര്‍-തിരുവനന്തപുരം റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, ഉപേക്ഷിക്കപ്പെട്ട എറണാകുളം റെയില്‍വേ ടെര്‍മിനല്‍ സ്റ്റേഷന്‍ വികസിപ്പിച്ച് പുനരുപയോഗപ്പെടുത്തല്‍, രാജധാനി എക്സ്പ്രസ് സര്‍വീസ് എണ്ണം കൂട്ടല്‍, നിര്‍ദിഷ്ട ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ വിഷയങ്ങളും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു.