സൗദി അറേബ്യ ഫാഷന്‍ വീക്ക്‌ മാറ്റിവെച്ചു

ഈ മാസം 26 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന സൗദി അറേബ്യയുടെ അറബ് ഫാഷന്‍ വീക്ക്‌ റിയാദ് മാറ്റിവെച്ചു. കൂടുതല്‍ അന്താരാഷ്‌ട്ര അതിഥികളെ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് ഫാഷന്‍ വീക്ക് മാറ്റിവെച്ചതെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു.

ഫാഷന്‍ വീക്ക്‌ പ്രഖ്യാപനം നടത്തിയതു മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പലരും പറയുകയുണ്ടായി. സൗദി അറേബ്യയുടെ ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ ഡിസൈനര്‍മാര്‍, മോഡലുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനു കുറച്ച് സമയമെടുക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ലൈല ഇസ അബുസൈദ്‌ പറഞ്ഞു.

പുതുക്കിയ തിയ്യതി പ്രകാരം അറബ് ഫാഷന്‍ വീക്ക്‌ റിയാദ് ഏപ്രില്‍ 10 മുതല്‍ 14വരെ നടക്കും. അന്താരാഷ്‌ട്ര ഡിസൈനര്‍മാരായ റോബര്‍ട്ടോ കാവല്ലി, ജീന്‍ പോള്‍ ഗോള്‍ട്ടിയര്‍, യൂലിയ യാനീന, ബാസില്‍ സോദ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.