യുഎസ് വിസയ്ക്ക് സാമൂഹ്യ മാധ്യമങ്ങളുടെ പ്രൊഫൈല്‍ സമര്‍പ്പിക്കണമെന്ന്
യു.എസ് വിസ അപേക്ഷകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വ്യക്തികളുടെ മുമ്പുണ്ടായിരുന്ന ഫോൺ നമ്പർ, ഇമെയിൽ വിലാസം, സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈലുകള്‍-ഇടപെടലുകള്‍, എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം.
രാജ്യത്തിന് ഭീഷണിയായേക്കാവുന്നവരുടെ വരവിനെ തടയുക എന്നതാണ് ഇതിലുടെ യു.എസ് ലക്ഷ്യമിടുന്നത്. നോൺ ഇമിഗ്രന്റ് വിസക്ക് അപേക്ഷിക്കുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നാണ് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകളുടെ വിവരങ്ങളും നൽകണം.
ഇതിനോടൊപ്പം വിസ അപേക്ഷകനെ എതെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നോ, കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ കേസിൽ പ്രതിയായിരുന്നോ തുടങ്ങിയ കാര്യങ്ങളും യു.എസ് അന്വേഷിക്കും. ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയത്. അതിവേഗത്തിൽ വിസ നൽകുന്ന സംവിധാനത്തിന് പല തവണ ട്രംപ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസ നൽകുന്നതിലും യു.എസ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.