നിര്‍ത്താതെ ട്രോളി ബജാജ് ഡോമിനോര്‍
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പറയാതെ പറഞ്ഞ് കളിയാക്കി ഡോമിനാറിന്റെ പ്രചാരണാര്‍ഥം ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒന്നിന് പിറകെ ഒന്നായി ബുള്ളറ്റുകളെ ട്രോളി അഞ്ചു പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്. എന്നാല്‍ ഈ കളിയാക്കല്‍ പരസ്യം നിര്‍ത്താന്‍ ബജാജിന് ഒരു ഉദ്ദേശ്യവുമില്ല. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ആറാമത്തെ പരസ്യവും ബജാജ് പുറത്തിറക്കി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ബുള്ളറ്റിലെ യാത്ര റൈഡര്‍മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് പരസ്യത്തില്‍ പറയാതെ പറയുന്നു.
ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ബുള്ളറ്റ് യാത്രയില്‍ നടുവേദനയും കൈ വേദനയും ഉറപ്പാണ്, ഈ തടസ്സങ്ങളൊന്നും ഇല്ലാതെ ഡോമിനാറില്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നും പരസ്യത്തില്‍ ദൃശ്യമാക്കുന്നു. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കളിയാക്കുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് ശബ്ദവും അതിലെ റൈഡര്‍മാരുടെ ഹെല്‍മെറ്റും മറ്റ് ആക്സസറികളും ഉപയോഗിച്ചാണ് ആനപ്പുറത്തേറി യാത്ര.
ദുര്‍ഘട പാതകളില്‍ പരാജയപ്പെടുന്ന വണ്ടി, വെളിച്ചം വളരെ കുറവുള്ള വണ്ടി, ബ്രേക്ക് പിടിച്ചാല്‍ കിട്ടാത്ത വണ്ടി, പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്ത വണ്ടി, കയറ്റം കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എടുത്തുകാട്ടിയുള്ള പരസ്യങ്ങളാണ് നേരത്തെ ബജാജ് പുറത്തുവിട്ടിരുന്നത്. പരസ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും സജീവമായി പ്രതിഷേധം രേഖപ്പെടുത്തുണ്ട്. ബജാജ് തലകുത്തി നിന്ന് ശ്രമിച്ചാലും ഡോമിനാറിന് റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്തെത്താന്‍ സാധിക്കില്ലെന്നാണ് ഇവരുടെ പക്ഷം.