Kerala

കേരള ബ്ലോഗ്‌ എക്സ്പ്രസ് കണ്ണൂരില്‍

Pic Courtesy: Keralablogexpress twitter

കേരള ബ്ലോഗ്‌ എക്സ്പ്രസ് കണ്ണൂരെത്തി. 28 രാജ്യങ്ങളില്‍ നിന്നുള്ള 30 അംഗ സംഘമാണ് ബ്ലോഗ്‌ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മാസം 18നാണ് തിരുവനന്തപുരത്തു നിന്നും സംഘം യാത്ര പുറപ്പെട്ടത്‌.

കണ്ണൂര്‍ തോട്ടടയിലെ സീഷെല്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ സംഘത്തെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. രാത്രി റിസോര്‍ട്ടിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികകളും അരങ്ങേറി. വ്യാഴാഴ്ച രാവിലെ സംഘം ധര്‍മടത്ത് കയാക്കിങ് നടത്തും. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തും. വൈകീട്ട് കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കും. വെള്ളിയാഴ്ച നിലേശ്വരത്തേക്ക് പോകും. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങും.

Pic Courtesy: Keralablogexpress twitter

ഓരോ പ്രദേശത്തിന്‍റെയും സംസ്‌കാരവും സൗന്ദര്യവും പൈതൃകവും ബ്ലോഗര്‍മാര്‍ നവമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കും. ഓരോ ബ്ലോഗര്‍മാര്‍ക്കും ഫെയ്‌സ് ബുക്കില്‍ എട്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്.

അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, റൊമാനിയ, വെനസ്വേല, യു.എ.ഇ., ഉക്രെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഇന്തോനീഷ്യ, സ്വീഡന്‍, പെറു, പോളണ്ട്, അയര്‍ലാന്‍ഡ്, അര്‍ജന്‍റിന, ചിലി, നെതര്‍ലാന്‍ഡ്, ബ്രസീല്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍റ്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്.