പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം
ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും.
ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ . അതുകൊണ്ടുതന്നെ മക്കളുടെ പരീക്ഷകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സൗദിയില്‍ നിന്ന് എക്സിറ്റ് അടച്ചുകിട്ടിയവരും റീ എന്‍ട്രി വിസ കിട്ടയവരും അധികദിവസം ഇവിടെ തങ്ങിയാല്‍ സാമ്പത്തിക – നിയമ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കുടുംബങ്ങള്‍ പറയുന്നു.
റദ്ദാക്കിയ പരീക്ഷയുടെ തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഏത് തിയ്യതിയിലാണ് പരീക്ഷ വരുന്നതെന്ന് അറിഞ്ഞാല്‍ മാത്രമാണ് ഈ കുടുംബങ്ങള്‍ക്ക് ടിക്കറ്റ് റദ്ദാക്കുവാനും മറ്റൊരു ദിവസത്തേക്ക് ടിക്കറ്റെടുക്കാനും സാധിക്കു. മാത്രമല്ല, ഈ ടിക്കറ്റുകള്‍ റദ്ദാക്കുന്നതും ഇവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. കുടുംബത്തിന്റെ മുഴുവന്‍ യാത്രച്ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ പലരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ്.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസിലെ കണക്കു പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷയുമാണ് ബോര്‍ഡ് റദ്ദാക്കിയത്. വാട്സാപ്പിലൂടെയാണ് ചോദ്യപേപ്പറുകള്‍ പ്രചരിച്ചത്. സംഭവത്തില്‍ ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്ന വിക്കിയാണ് അറസ്റ്റിലായത്.